2020 ഓഗസ്റ്റിൽ കൊല്ലം പത്തനാപുരത്തെ കടശേരിയിൽ നിന്ന് കാണാതായ 17-കാരനായ രാഹുലിനെക്കുറിച്ച് അഞ്ച് വർഷമായിട്ടും ഒരു വിവരവുമില്ല.  തുമ്പുണ്ടാകാത്ത കേസ് സിബിഐക്ക് വിടണമെന്നാണ് കുടുംബത്തിൻ്റെയും നാട്ടുകാരുടെയും ആവശ്യം.

കൊല്ലം: പത്തനാപുരത്തെ കടശേരി ഗ്രാമം കഴിഞ്ഞ അഞ്ച് വർഷമായി ഒരു തിരോധാനക്കേസിൻ്റെ ദുരൂഹതയിലാണ്. 2020 ഓഗസ്റ്റ് 19ന് കാണാതായ 17 വയസ്സുകാരനായ രാഹുലിന്റെ തിരോധാനം ഇതുവരെയും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. ഇപ്പോൾ കേസ് സിബിഐക്ക് വിടണമെന്നാണ് രാഹുലിൻ്റെ കുടുംബത്തിൻ്റെയും നാട്ടുകാരുടെയും പ്രധാന ആവശ്യം.

2020 ഓഗസ്റ്റ് 19ന് രാത്രിയാണ് കടശേരി മുക്കലാട്ടെ വീട്ടിൽ നിന്ന് രാഹുലിനെ കാണാതായത്. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ ചെറിയ ഷെഡ്ഡുകളിലായിരുന്നു രാഹുലും മാതാപിതാക്കളും അന്തിയുറങ്ങിയിരുന്നത്. അടുത്ത ദിവസം രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് മകനെ കാണാനില്ലെന്ന് അറിഞ്ഞത്. അന്ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. വനമേഖലയോട് ചേർന്നാണ് വീടെന്നതിനാൽ കാട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും അത് ഫലം കണ്ടില്ല.

ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത ഈ കേസ് സിബിഐക്ക് വിടണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും ആവശ്യം. നേരത്തെ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.