തിരൂര്‍ പുഴയോരത്ത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 1,090 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗശൂന്യമായ പഴയ ട്രെയിന്‍ കോച്ച് ആകര്‍ഷകമായ ഭക്ഷണശാലയാക്കി മാറ്റുകയാണ് ലക്ഷ്യം. ശീതീകരിച്ച കോച്ചില്‍ ഒരേസമയം 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.

മലപ്പുറം: ട്രെയിനിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കാം, അതും പുഴയോരത്തെ മനോഹരമായ അന്തരീക്ഷത്തില്‍! തിരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പഴയ ട്രെയിന്‍ കോച്ച് റസ്റ്റോറന്റാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ജില്ലയില്‍ ആദ്യമായി എത്തുന്ന റെയില്‍ കോച്ച് റസ്റ്റോറന്റ് യാത്രക്കാര്‍ക്കും ഭക്ഷണപ്രിയര്‍ക്കും പുതിയൊരു അനുഭവമാകും.

തിരൂര്‍ പുഴയോരത്ത് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 1,090 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗശൂന്യമായ പഴയ ട്രെയിന്‍ കോച്ച് ആകര്‍ഷകമായ ഭക്ഷണശാലയാക്കി മാറ്റുകയാണ് ലക്ഷ്യം. ശീതീകരിച്ച കോച്ചില്‍ ഒരേസമയം 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. കോച്ചിന് പുറത്തും ഇരിപ്പിടങ്ങള്‍ ഒരുക്കും. ട്രെയിന്‍ യാത്രയുടെ കൗതുകവും റസ്റ്റോറന്റിലെ ഭക്ഷണാനുഭവവും ഒരുമിപ്പിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത.

സാധാരണ ഹോട്ടലുകളില്‍നിന്ന് വ്യത്യസ്തമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിക്കാമെന്നത് കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. പുഴയോരത്തെ സ്ഥലം കൂടി പ്രയോജനപ്പെടുത്തുന്നതോടെ വൈകുന്നേരങ്ങളില്‍ സമയം ചെലവഴിക്കാനും ഭക്ഷണം ആസ്വദിക്കാനും കഴിയുന്ന ഇടമായി ഇത് മാറിയേക്കും.

ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും ഹോട്ടല്‍ നിരക്കിനെക്കാള്‍ കുറഞ്ഞത് 30 ശതമാനം ഇളവ് ലഭിക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണം. റെയില്‍വേ അംഗീകരിക്കുന്ന നിരക്കിലാകും വില്‍പ്പന. നിലവില്‍ തിരൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഭക്ഷണശാലയില്ലാത്തതിനാല്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിനും പുതിയ പദ്ധതി പരിഹാരമാകും. ട്രെയിന്‍ കാത്തിരിക്കുന്നവര്‍ക്ക് സ്റ്റേഷന് പുറത്തുപോകാതെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭിക്കും.

'അമൃത് ഭാരത്' പദ്ധതിയിലൂടെ നവീകരിച്ച സ്റ്റേഷന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് റസ്റ്റോറന്റ് പദ്ധതി. സംസ്ഥാനത്ത് ആദ്യമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് റെയില്‍ കോച്ച് റസ്റ്റോറന്റ് ആരംഭിച്ചത്. മട്ടാഞ്ചേരി ഹാള്‍ട്ട്, ഫറോക്ക് സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

തിരൂരിലെ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഈ മാസം 30ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കരാറുകാരനെ കണ്ടെത്തിയശേഷം പാലക്കാട്ടുനിന്ന് പഴയ ട്രെയിന്‍ ബോഗി എത്തിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരൂരിന് വേറിട്ടൊരു ഭക്ഷണകേന്ദ്രം കൂടി ലഭിക്കും. പഴയ ട്രെയിന്‍ ബോഗിയില്‍ ഭക്ഷണം കഴിക്കാനുള്ള കൗതുകം തേടി നാട്ടുകാരും സന്ദര്‍ശകരും ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷ.