ആർപിഎഫ് നടത്തിയ തെരച്ചലിൽ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂർ: തലശേരി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവാണ് പിടിയിലായത്. സേലം സ്വദേശിയും ചിന്ന പൊന്നുവിന്റെ സുഹൃത്തുമായ പെരുമെയും ഇവർക്കൊപ്പം കേബിൾ മുറിച്ചു മാറ്റാൻ ശ്രമം നടത്തിയിരുന്നു. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിൾ മുറിച്ചു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30യോടെയാണ് തലശേരി റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് കേബിൾ മുറിച്ചു മാറ്റാൻ ശ്രമം നടത്തിയത്. കേബിൾ മുറിച്ചതോടെ റെയിൽവെ സിഗ്നൽ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിൾ മുറിച്ച് നീക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ടത്. തുടർന്ന് ആർപിഎഫ് നടത്തിയ തെരച്ചലിൽ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കണ്ണൂരിൽ എക്സിക്യുട്ടീവ് ട്രെയിനിന് തീവച്ച സംഭവത്തിന് പിന്നാലെയാണ് ഈ കേബിൾ മുറിക്കലും ഉണ്ടാകുന്നത്. പ്രതികൾ താത്കാലിക നേട്ടത്തിനായി ചെയ്തതാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. എന്നാൽ വളരെ ഗൗരവമേറിയ കുറ്റകൃത്യമാണിത്. 

എക്സിക്യുട്ടീവ് ട്രെയിനിന് തീവച്ച കേസിൽ പിടിയിലായ പ്രസൂണ്‍ ജിത് സിക്തർ തലശ്ശേരി റയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയാണ് കണ്ണൂരിലെത്തിയത്. കൃത്യം നടത്തുന്നതിന്‍റെ മൂന്ന് ദിവസം മുമ്പായിരുന്നു ഇത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ യാചിച്ച് പണമുണ്ടാക്കാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ അധികൃതർ അനുമതി നൽകിയില്ല. ഇതോടെ ഭക്ഷണവും പണവും കിട്ടാതായ പ്രതി ദേഷ്യം മൂലം ട്രെയിനിന് തീവെക്കുകയായിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

YouTube video player