ഗതാഗതം നിയന്ത്രിക്കാൻ മിക്ക സ്ഥലങ്ങളിലും പൊലീസ് ഇല്ലാത്തതും, മണിക്കൂറുകളുടെ ഗതാഗത കുരുക്കും നേരിട്ടു കണ്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് പ്രധാന സ്ഥലങ്ങളിൽ അടിയന്തിരമായി പൊലീസിനെ നിയമിക്കാൻ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്ക് നിർദേശം നൽകിയത്.

മൂന്നാർ: മൂന്നാറിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നിർദേശം നൽകി റേഞ്ച് ഐജി. ജില്ലാ പൊലീസ് മേധാവി, മൂന്നാർ ഡിവൈഎസ്പി എന്നിവർക്കാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. മൂന്നാറിലെ ഗതാഗത തടസം നേരിട്ട് കണ്ട് മനസിലാക്കിയ ശേഷമാണ് നടപടി. മാട്ടുപ്പെട്ടിയിൽ അടഞ്ഞു കിടക്കുന്ന ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു പ്രവർത്തിക്കാനും ഇവിടേക്ക് ടൂറിസം പൊലീസിനെ നിയമിക്കാനും കൊച്ചി റേഞ്ച് ഐജി ജി.സ്പർജൻകുമാര്‍ നിര്‍ദ്ദേശിച്ചു. ബുധൻ രാവിലെയാണ് ഐജി ഔദ്യോഗിക സന്ദർശനത്തിനായി മൂന്നാർ സ്റ്റേഷനിലെത്തിയത്‌.

തുടർന്ന് ഏറ്റവുമധികം സഞ്ചാരികളെത്തുന്നതും ഏറ്റവുമധികം ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതുമായ രാജമല അഞ്ചാംമൈൽ, മാട്ടുപ്പെട്ടി, എക്കോ പോയിൻ്റ്, ഫ്ളവർ ഗാർഡൻ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ നേരിട്ടു കണ്ടു. ഗതാഗതം നിയന്ത്രിക്കാൻ മിക്ക സ്ഥലങ്ങളിലും പൊലീസ് ഇല്ലാത്തതും, മണിക്കൂറുകളുടെ ഗതാഗത കുരുക്കും നേരിട്ടു കണ്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് പ്രധാന സ്ഥലങ്ങളിൽ അടിയന്തിരമായി പൊലീസിനെ നിയമിക്കാൻ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർക്ക് നിർദേശം നൽകിയത്.

മധ്യ വേനലവധി ആരംഭിച്ചതിനെ തുടർന്ന് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് വിവിധ കേന്ദങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി മണിക്കൂറുകളുടെ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. പൊതു സ്ഥലമാറ്റ ഉത്തരവ് വന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം മാറി പോയതിനാൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി രണ്ടാഴ്ചയായി മൂന്നാറിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നത്