രാവിലെ പിക് അപ് വാനിലിടിച്ചു, രാത്രിയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍; അപകടമുണ്ടാക്കിയത് ഡ്രൈവര്‍ മദ്യപിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍

കല്‍പ്പറ്റ: പനമരം കൊയിലേരി റോഡില്‍ ചെറുകാട്ടൂരിന് സമീപം വീട്ടിച്ചോടില്‍ നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രികരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ട്രാന്‍സ്ഫോര്‍മറിന്റെ ഉറപ്പിച്ച സ്ട്രക്ചറടക്കം താഴെവീണു. ആറ് വൈദ്യുത പോസ്റ്റുകളും ചെരിഞ്ഞു. നാല് സ്റ്റേകള്‍ തകരുകയും ചെയ്തു. ഇതോടെ വീട്ടിച്ചോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ഇതേ കാര്‍ പനമരം ആര്യന്നൂരില്‍ പിക്ക് അപ്പ് വാനിന്റെ പിറകിലിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച കാര്‍ ഡ്രൈവര്‍ കൊടുവള്ളി സ്വദേശി പുളിക്കപൊയില്‍ മുജീബ് റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈകുന്നേരം കാറുടമയെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. ഇതേ കാറാണ് രാത്രിയില്‍ വീണ്ടും അപകടമുണ്ടാക്കിയത്. സംഭവത്തില്‍ കാറോടിച്ചയാള്‍ മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും.

Read more:  1995 ജനുവരി 12 -മാവേലിക്കര: കയ്യാങ്കളി, മരണം; നീണ്ട 28 വർഷം വിലാസം മാറ്റി ജീവിതം, ഒടുവിൽ പിടിയിലായത് ഇങ്ങനെ...

ലഹരിക്കെതിരെ ഒരുമിക്കാം, നേമം വില്ലേജ് തല ജാഗ്രതാ സമിതി രൂപീകരിച്ചു

ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി നേമം മണ്ഡലത്തിൽ വില്ലേജ് തല ജാഗ്രതാ സമിതി രൂപീകരിച്ചു. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നേമം എംഎൽഎയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനതലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും അടക്കം ഒന്നരക്കോടിയോളം ആളുകൾ പങ്കെടുത്തതായി മന്ത്രി അറിയിച്ചു. വിവിധ പ്രവർത്തനങ്ങളിലൂടെ മൂന്നാം ഘട്ടം വിവിധ മേഖലകളിലായി നടക്കുകയാണ്. പുതുതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്താൻ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ സഹകരണത്തോടെ നിരവധി പരിപാടികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്.