തിരുവാലിൽ ജംഗ്ഷനിലെ മില്ലിൽ നിന്നാണ് പ്രതികൾ അരി കടത്താൻ ശ്രമിച്ചത്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കരുനാഗപ്പള്ളിയില്‍ പൊലീസും സിവിൽ സപ്ലൈസ് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. തിരുവാലിൽ ജംഗ്ഷനിലെ മില്ലിൽ നിന്നാണ് പ്രതികൾ അരി കടത്താൻ ശ്രമിച്ചത്.
കരുനാഗപ്പള്ളിയിൽ നിന്നും ലോറിയിൽ മൂവാറ്റുപുഴയിലേക്ക് എത്തിക്കാൻ ആയിരുന്നു നീക്കം. സിവിൽ സപ്ലൈസ് വകുപ്പിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിനൊപ്പം എത്തി പരിശോധന നടത്തിയത്. ഫർണിച്ചർ കയറ്റി വന്ന ലോറിയിൽ നിന്നാണ് 130 ചാക്ക് അരി പിടികൂടിയത്. ലോറിയുടെ ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി ഷെഫീഖ്, കടത്തൂർ സ്വദേശി ബിനു, കൊച്ചുമോൻ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസിനെ കിട്ടിയ വിവരം. ഇതിന്‍റെഅടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Readmore...റേഷനരിക്കടത്ത് കൊലപാതകം ഉൾപ്പടെ നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ
സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് ഒന്നും രണ്ടുമല്ല, 3500 കിലോ റേഷനരി; മിന്നൽ റെയ്ഡിൽ കുടുങ്ങി
തിരുവനന്തപുരം: ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇന്നലെ രാത്രി പാറശാലയിൽ നടന്ന റെയ്ഡിൽ ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു.
വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍, ബിജു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു, ഗിരീഷ് ചന്ദ്രന്‍, രാജേഷ്, രശ്മി, ഷിബ, ജയചന്ദ്രന്‍ അടങ്ങുന്ന സംഘമാണ് അരി ശേഖരം പിടികൂടിയത്. പിടിച്ചെടുത്ത അരി അമരവിള ഗോഡൗണിലേക്ക് മാറ്റുമെന്ന് വിജിലന്‍സ് ഓഫിസര്‍ അനി ദത്ത് പറഞ്ഞു.

