മുൻഗണനാ കാർഡ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ബീമാപള്ളിയിലെ റേഷൻകട ഉടമ സഹദ് ഖാൻ അറസ്റ്റിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നെറ്റ്‌വർക്കിൽ നുഴഞ്ഞുകയറി ഇയാൾ നൂറ്റിയൻപതോളം വ്യാജ മുൻഗണനാ റേഷൻ കാർഡുകൾ നിർമ്മിച്ചതായി കണ്ടെത്തി.
തിരുവനന്തപുരം: മുൻഗണനാകാർഡ് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഇതരവിഭാഗങ്ങളിലെ കാർഡുകാരിൽ നിന്നും പണം പറ്റി പുതിയ വ്യാജ റേഷൻ കാർഡ് തയാറാക്കി നൽകിയ റേഷൻകട ഉടമ അറസ്റ്റിൽ. ബീമാപള്ളിയിലെ 234–ാം നമ്പർ റേഷൻ കട ലൈസൻസി സഹദ് ഖാനെയാണ് (32) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നെറ്റ്‌വർക്കിൽ കടന്നുകയറിയാണ് ഇയാൾ നൂറ്റിയൻപതോളം മുൻഗണനാ റേഷൻകാർഡുകൾ വ്യാജമായി നിർമിച്ചത്. സാധാരണ മുൻഗണനാ കാർഡുകൾ ലഭിക്കുന്നതിന് നിരവധി കടമ്പകളുണ്ട്. ഇതെല്ലാം പണം നൽകിയാൽ ഒഴിവാക്കി മുൻഗണനാ കാർഡുകൾ തരപ്പെടുത്തിക്കൊടുക്കലായിരുന്നു സഹദിന്‍റെ രീതി.
തട്ടിപ്പിനെ കുറിച്ച്
വെള്ള, നീല കാർഡ് ഉടമകളിൽനിന്നു പണം വാങ്ങി മുൻഗണന കാർഡിലേക്കു മാറ്റാൻ അപേക്ഷ സമർപ്പിച്ച ശേഷം, റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിലെ പാസ്‌വേഡും ഡേറ്റബേസിലെ വിവരങ്ങളും ചോർത്തിയാണ് കാർഡുകൾ മാറ്റിയത്. നിലവിൽ ഉപയോഗിക്കുന്ന മുൻഗണനാ കാർഡിലെ വിവരങ്ങൾ ഉപയോഗിച്ച് പുതിയ കാർഡിന് അപേക്ഷ നൽകി സിവിൽ സപ്ലൈസ് വകുപ്പ് സൈറ്റ് വഴി അനുമതിയും നൽകി മുൻഗണനാ കാർഡ് കൈവശപ്പെടുത്തിയെടുക്കും. മുൻഗണനാ കാർഡിലെ അംഗങ്ങൾ പുതിയ കാർഡിനായി അപേക്ഷിച്ചാൽ മുൻഗണനാ കാർഡ് തന്നെയാണു ലഭിക്കുക. ഇത് കണക്കിലെടുത്ത് മുൻഗണനാ കാർഡുള്ളയാളിന്‍റെ കാർഡിലേക്ക് ആളെ ചേർക്കുന്നതാണ് ആദ്യം ചെയ്യുക. അംഗമായി പേര് അപ്ഡേറ്റ് ആയാൽ പിന്നാലെ പുതിയ കാർഡിനുള്ള അപേക്ഷ നൽകും. ഭക്ഷ്യവകുപ്പിന്‍റെ ഓൺലൈൻ വഴി തന്നെ അപേക്ഷയും അനുമതിയും നൽകുന്നതിനാൽ കാർഡുകൾ ആക്ടീവാക്കാനും സാധിക്കും. ഇത്തരത്തിൽ 146 കാർഡുകൾ ഇയാൾ ഉൾപ്പെട്ട സംഘം നിർമിച്ചതായാണ് വിവരം. ഇതിൽ പെട്ട ചില കാർഡ് ഉടമകൾക്ക് വന്ന മെസേജുകളിൽ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

