അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ആയിരുന്നു  ചെല്ലയ്യൻ നാടാര്‍. ഇദ്ദേഹത്തെ കണ്ട് മടങ്ങുന്നതിനിടെയാണ് സ്റ്റാൻലി മോഹനനും മരണപ്പെട്ടത്.

കോട്ടയം: കോട്ടയത്ത് ബന്ധുവിനെ കണ്ട് മടങ്ങവേ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. രോഗബാധിതനായ സഹോദരി ഭർത്താവിനെ കണ്ട് മടങ്ങവേയാണ് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചത്. പിന്നാലെ സഹോദരി ഭർത്താവും മരിച്ചു. തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ. ചെല്ലയ്യൻ നാടാർ (69), ഭാര്യ ബേബിയുടെ സഹോദരൻ കോട്ടയം എസ്എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടിൽ സ്റ്റാൻലി മോഹനൻ (55) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. 

കേരള നാടാർ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്തവ്യാപാരിയുമാണ് ആർ. ചെല്ലയ്യൻ നാടാർ. അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ആയിരുന്നു ചെല്ലയ്യൻ നാടാര്‍. ഇദ്ദേഹത്തെ കാണാൻ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനൻ എത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാർക്കറ്റിലേക്കു മടങ്ങി. യാത്രക്കിടെ ക്ഷീണം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തി. എന്നാൽ പ്രാഥമികശുശ്രൂഷ നൽകും മുമ്പേ മരണപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെയോടെ ചെല്ലയ്യൻ നാടാരും മരണത്തിനു കീഴടങ്ങി. രോഗം ഗുരുതരമായതോടെയാണ് ചെല്ലയ്യൻ മരിച്ചത്. സ്റ്റാൻലി മോഹനന്റെ സംസ്കാരം ജന്മനാടായ മാർത്താണ്ഡത്ത് നടന്നു. ചെല്ലയ്യൻ നാടാരുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും. 
Read More : അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു