ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം. പത്തിയൂർ സ്വദേശി ഓമനയമ്മ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. എരുവ ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

കായംകുളം: വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർ മരിച്ചു. പത്തിയൂർ പഞ്ചായത്ത് ആറാം വാർഡിൽ പത്തിയൂർ ക്ഷേത്രത്തിന് വടക്കുവശം തോണ്ടുകുന്നേൽ വീട്ടിൽ ഓമനയമ്മ (75) ആണ് മരിച്ചത്. എരുവ ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പ്രദേശത്ത് പൂർണമായും വെള്ളം കയറിയതിനാൽ ഓമനയമ്മ ചൊവ്വാഴ്ച രാവിലെ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിരുന്നു. എന്നാൽ ആഹാരം കഴിച്ചതിന് ശേഷം ക്യാമ്പിൽനിന്ന് പോകുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇവരെ കാണാത്തതിനെ തുടർന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരുവ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള തോട്ടിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

കായംകുളം അഗ്നിശമന സേനയുടെ സഹായത്താൽ മൃതദേഹം കരയ്ക്കെത്തിച്ച് കരീലകുളങ്ങര പൊലീസ് തുടർനടപടികൾ പൂർത്തിയാക്കി. പത്തിയൂർ പഞ്ചായത്തിലെ ചെറിയ പത്തിയൂർ അങ്കണവാടിയിൽ നിന്നാണ് ഇവർ വിരമിച്ചത്. പരേതനായ ജനാർദ്ദനനാണ് ഭർത്താവ്. സഹോദരന്റെ മകൻ രാജേഷും ഓമനയമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നിന് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.