വെള്ളിയാഴ്ച്ച രാവിലെ ബൈജുവിന്റെ വീടിനോട് ചേര്‍ന്ന പശു ഫാമില്‍ പാല്‍ കറക്കുന്നതിനായി വന്നപ്പോഴാണ് 43കാരൻ ഗുണ്ട് കത്തിച്ച് എറിഞ്ഞത്
തൃശൂര്‍: പശു ഫാം നടത്തുന്നയാളെ ഗുണ്ട് എറിഞ്ഞ് ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വധശ്രമം അടക്കം നിരവധി ക്രമിനല്‍ക്കേസിലെ പ്രതിയാണ് അറസ്റ്റിലായത്. അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി ഹസനുല്‍ ബന്ന (43) ആണ് അറസ്റ്റിലായത്. അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി തയ്യില്‍ വീട്ടില്‍ ബൈജുവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിനാണ് അറസ്റ്റ്. വെള്ളിയാഴ്ച്ച രാവിലെ ആറ് മണിയോടെ ബൈജുവിന്റെ വീടിനോട് ചേര്‍ന്ന പശു ഫാമില്‍ പാല്‍ കറക്കുന്നതിനായി വന്നപ്പോഴാണ് 43കാരൻ ഗുണ്ട് കത്തിച്ച് എറിഞ്ഞത്. ഗുണ്ട് തൊഴുത്തില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് ബൈജു അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പശു ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് ഹസനുല്‍ ബന്നയ്ക്ക് ഉള്ള വിരോധമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം.
ഹസനുല്‍ ബന്ന കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും, അടക്കം പതിനൊന്ന് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ. കെ. സാലിം, ജി.എസ്. സി.പി.ഒമാരായ സനോജ്, ഷിജിന്‍ നാഥ്, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


