വീടിന്റെ മുറകളിലടക്കം വയറിംഗുകൾ കേന്ദ്രീകരിക്കുന്ന എല്ലാ ഭാഗത്തെയും വയറുകൾ കട്ട്ചെയ്ത് സ്വിച്ച് ബോർഡും സ്വിച്ചുകളും പ്ലഗ്ഗുകളും, റെഗുലേറ്ററുകളുമാണ് പ്രധാനമായും മോഷ്ടാക്കൾ കവർന്നത്.

ചാരുംമൂട് : ഒരുമാസം മുമ്പ് താമസം തുടങ്ങിയ പുതിയ വീട്ടിനുള്ളിൽ ആളില്ലാത്ത രാത്രിയിൽ മോഷണം. ആലപ്പുഴയിലെ താമരക്കുളം കുഴിവേലിൽ കളീയ്ക്കൽ ശങ്കരപ്പിള്ളയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിനകത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക് സാധനങ്ങളും ഫാനുകളുമാണ് മോഷണം പോയത്.

ശങ്കരപ്പിള്ളയുടെ പഴയവീടിന് തൊട്ടടുത്ത് നിർമ്മിച്ച പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഒരു മാസം മുമ്പാണ് നടന്നത്. വീട്ടുകാർ ചില ദിവസങ്ങളിൽ മാത്രമാണ് പുതിയ വീട്ടിൽ ഉറങ്ങിയിരുന്നത്. ഇവർ പഴയ വീട്ടിലായിരുന്ന കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ മുറകളിലടക്കം വയറിംഗുകൾ കേന്ദ്രീകരിക്കുന്ന എല്ലാ ഭാഗത്തെയും വയറുകൾ കട്ട്ചെയ്ത് സ്വിച്ച് ബോർഡും സ്വിച്ചുകളും പ്ലഗ്ഗുകളും, റെഗുലേറ്ററുകളുമാണ് പ്രധാനമായും മോഷ്ടാക്കൾ കവർന്നത്. വില കൂടിയ സാധനങ്ങളായിരുന്നു ഇവയെന്ന് വീട്ടുകാർ പറഞ്ഞു.

സ്വീകരണ മുറിയിലെ മൂന്ന് ഫാനുകളും അടുക്കള, കിടപ്പുമുറി എന്നിവിടങ്ങളിലെ ഫാനുകളും അഴിച്ചെടുത്ത നിലയിലാണ്. വില കൂടിയ ഫാനുകളായിരുന്നു ഇത്. എന്നാൽ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന വില പിടിപ്പുള്ള എ.സി, ഇൻവെർട്ടർ, പെഡസ്റ്റൽ ഫാൻ, ഇന്റക്ഷൻ കൂക്കർ, മിക്സി അടക്കമുള്ള സാധനങ്ങളും വീടിനു പുറത്തെ സ്വിച്ചുകളും ഫാനുകളും എടുത്തിട്ടില്ല. വാതിലുകൾ കുത്തിപ്പൊളിക്കാതെ താക്കോലുപയോഗിച്ചു വീടു തുറന്നതിന്‍റെ ലക്ഷണങ്ങളാണ് ഉള്ളത്. വീട്ടുകാർ നൂറനാട് പൊലീസിൽ പരാതി നൽകി. സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 
Read More :  'അനുവാദമില്ലാതെ ട്യൂഷൻ ക്ലാസിൽ കയറി', വിദ്യാർത്ഥിക്ക് സിപിഎം നേതാവായ അധ്യാപകന്റെ ക്രൂര മർദ്ദനം