കൊണ്ടോട്ടിയില്‍ മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയിലായി. കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. 

മലപ്പുറം: മാരക രാസലഹരി വസ്തുവായ മെത്താഫിറ്റമിനുമായി കൊണ്ടോട്ടി പാലക്കാപറമ്പില്‍ ഒരാള്‍ എക്‌സൈസ് പിടിയില്‍. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് അറസ്റ്റിലായത്. വാഹനത്തില്‍ കടത്തുകയായിരുന്ന 131.659 ഗ്രാം ലഹരി വസ്തു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറും 27,000 രൂപയും കണ്ടെടുത്തു.

കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് സഹലെന്ന് അന്വേഷണ സംഘം പറഞ്ഞു. 2023ല്‍ മസിനഗുഡിയില്‍ വെച്ച് മെത്താഫിറ്റാമിനുമായി പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു വീണ്ടും ലഹരിക്കടത്ത്.

ഇ.ഐ ആന്‍ഡ് ഐ.ബി ഇന്‍ സ്‌പെക്ടര്‍ ടി. ഷിജുമോന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സിവില്‍ എക്‌സൈസ് ഓ ഫീസര്‍ വി. ലിജിന്‍, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡംഗങ്ങളായ നി തിന്‍ ചോമാരി, ഇ. അഖില്‍ദാസ്, വി. സച്ചിന്‍ ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അബ്ദുറഹ്‌മാന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.