കോഴിക്കോട് എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം കാപ്പുമലയിൽ രണ്ടാഴ്ചക്കിടെ എട്ട് തവണ കക്കൂസ് മാലിന്യം തള്ളി. ഈ മാലിന്യം സമീപത്തെ തോട്ടിലേക്കും ഇരുവഴിഞ്ഞി പുഴയിലേക്കും ഒഴുകിയെത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു.
കോഴിക്കോട്: രണ്ടാഴ്ചക്കിടെ ഒരേ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത് എട്ട് തവണ. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി സമൂഹ്യദ്രോഹികള്‍ പ്രവര്‍ത്തിക്കുന്നത്. മുക്കം കാപ്പുമല വളവിലാണ് രാത്രിയുടെ മറവില്‍ വീണ്ടും മാലിന്യം തള്ളല്‍ നടന്നത്. രാവിലെ ഇതുവഴിയെത്തിയ യാത്രക്കാര്‍ അസഹ്യമായ ദുര്‍ഗന്ധം കാരണം പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്.
രണ്ട് ആഴ്ചക്കിടെ ഇതേസ്ഥലത്ത് എട്ട് തവണയാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡരികിലെ ഓവുചാലില്‍ തള്ളിയ മാലിന്യം നിരവധിപേര്‍ ഉപയോഗിക്കുന്ന തോട്ടിലേക്കും തോട് വഴി ഇരുവഴിഞ്ഞി പുഴയിലേക്കുമാണ് എത്തുന്നത്. തോടിന് അരികിലായി താമസിക്കുന്ന നിരവധി വീട്ടുകാരുടെ കിണറ്റിലേക്കും മാലിന്യം ഒഴുകുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ പ്രവര്‍ത്തി നടത്തുന്ന സാമൂഹ്യദ്രോഹികള്‍ക്കെതിരേ ശക്തമായ നിരീക്ഷണം നടത്തണണെന്നും മുക്കം പൊലീസും നഗരസഭയും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.


