കണ്ണൂരിലും ഹരിയാനയിലും കാറിനും സ്കൂട്ടറിനും ഒരേ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയത് ഉടമയെ വെട്ടിലാക്കി. ഹരിയാനയിൽനിന്ന് അടുത്തിടെ വാങ്ങിയ കാറിന്റെ വീഡിയോ പങ്കുവെച്ചതോടെ ആണ് ഇതേ നമ്പരുള്ള സ്കൂട്ടറും നിലവിലുണ്ടെന്ന് കണ്ടെത്തിയത്.
കൊച്ചി: ഒരേ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് രണ്ട് വ്യത്യസ്ത വാഹനങ്ങൾ രണ്ട് സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയതോടെ പ്രതിസന്ധിയിലായി കണ്ണൂർ സ്വദേശിയായ കാർ ഉടമ. ഹരിയാനയിൽനിന്ന് അടുത്തിടെ വാങ്ങിയ കാർ കേരളത്തിലേക്ക് കൊണ്ടുവന്നെങ്കിലും, പഴയ രജിസ്ട്രേഷൻ നമ്പറായ എച്ച്ആർ 10 എസി 3333 തന്നെയായിരുന്നു വാഹനത്തിൽ ഉപയോഗിച്ചിരുന്നത്.
വാഹനവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ കണ്ട ഒരാൾ നമ്പർ പരിശോധിച്ചപ്പോൾ, അതേ രജിസ്ട്രേഷൻ നമ്പർ ഹരിയാനയിൽ ഒരു സ്കൂട്ടറിനും നിലവിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് എറണാകുളം ആർടിഒ എൻഫോഴ്‌സ്‌മെന്റിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് കാർ ഉടമയുമായി ബന്ധപ്പെട്ടു. അന്വേഷണത്തിലാണ് ആശയക്കുഴപ്പത്തിനിടയായ സാഹചര്യം വ്യക്തമാകുന്നത്.
ഹരിയാനയിലെ നിലവിലുള്ള വ്യവസ്ഥപ്രകാരം ഒരു വാഹനം വിൽക്കുമ്പോൾ അതിന്റെ രജിസ്ട്രേഷൻ നമ്പർ മുൻ ഉടമയ്ക്ക് സ്വന്തം പേരിലുള്ള മറ്റൊരു പുതിയ വാഹനത്തിലേക്ക് മാറ്റി ഉപയോഗിക്കാം. തുടർന്ന് വിറ്റ വാഹനത്തിന് പുതിയ രജിസ്ട്രേഷൻ നമ്പർ അനുവദിക്കപ്പെടും. ഇക്കാര്യത്തെക്കുറിച്ചുള്ള വിശദീകരണത്തിന് പിന്നാലെ വാഹനത്തിന് അനുവദിച്ച പുതിയ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതോടെ വിവാദത്തിനും ആശങ്കകൾക്കും വിരാമമായി.


