രാവിലെ താറാവുകളെ തുറന്നുവിടാനെത്തിയപ്പോൾ അനക്കം കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് ചുനക്കരയിൽ നിന്നെത്തിയ സർപ്പ വോളന്റിയർ ഹരിലാൽ എത്തി പാമ്പിനെ പിടികൂടി.

ആലപ്പുഴ: താമരക്കുളത്ത് താറാവുകൂട്ടിൽ കയറിയ 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. താമരക്കുളം നടീവയൽ അനുഭവനം വേണുവിന്‍റെ വീട്ടിലെ താറാവുകൂട്ടിൽ നിന്നാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ താറാവുകളെ തുറന്നുവിട്ട് തീറ്റ കൊടുക്കുമ്പോൾ കൂട്ടിനുള്ളിൽ അനക്കവും ചീറ്റലും കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. തുടർന്ന് സർപ്പ വോളന്റിയറെ വിവരമറിയിച്ചു. ചുനക്കരയിൽ നിന്നെത്തിയ സർപ്പ വോളന്റിയർ ഹരിലാൽ ആണ് പാമ്പിനെ പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

കോന്നിയിൽ കഴിഞ്ഞ ദിവസം കാറിന്‍റെ ബോണറ്റിന് മുകളിലും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ കല്ലുംപുറത്ത് ശമുവേലുകുട്ടിയുടെ വീട്ടിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിന് മുകളിലാണ് പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്നത്. പുലർച്ചെ പുറത്തിറങ്ങിയ ഗൃഹനാഥൻ, ബോണറ്റിന് മുകളിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ കോന്നി ആർആർടി സംഘം ഏറെ പരിശ്രമിച്ചാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്.

പ്രദേശത്ത് പെരുമ്പാമ്പിനെ നേരത്തെയും പിടികൂടിയിട്ടുണ്ട്. ശമുവേലുകുട്ടിയുടെ വീടിന് സമീപത്തുള്ള സാബു തോട്ടാലിന്റെ വീട്ടിൽ നിന്നാണ് രണ്ടു ദിവസം മുൻപ് പെരുമ്പാമ്പിനെ പിടികൂടിയത്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ നിന്നും ജനവാസ മേഖലയിലേക്ക് പാമ്പുകൾ ഇറങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കി.