സംഭവത്തില്‍ ഒരാളെ താമരശേരി പൊലീസ് അറസറ്റ് ചെയ്തു. അടിവാരം അങ്ങാടിക്ക് തൊട്ടടുത്ത വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയായ എം ഡി എം എ പിടികൂടിയത്

കോഴിക്കോട്: അടിവാരത്ത് വന്‍ മയക്കുമരുന്ന് വേട്ട. നൂറ്റിപതിമൂന്ന് ഗ്രാം രാസലഹരി പൊലീസ് പിടികൂടി. സംഭവത്തില്‍ ഒരാളെ താമരശേരി പൊലീസ് അറസറ്റ് ചെയ്തു. അടിവാരം അങ്ങാടിക്ക് തൊട്ടടുത്ത വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയായ എം ഡി എം എ പിടികൂടിയത്. സംഭവത്തില്‍ അടിവാരം കളക്കുന്നുമ്മല്‍ ഒറ്റിതോട്ടത്തില്‍ സിജാസ് എന്നയാളെ അറസ്റ്റു ചെയ്തു. 113 ഗ്രം എം ഡി എം എയാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. 

ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ലഹരിയില്‍ നിരന്തരം വീട്ടില്‍ പ്രശ്നം ഉണ്ടാക്കുന്ന ആളുമാണ്. നാട്ടുകാര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ കീഴിലെ പ്രത്യേക സംഘമാണ് പ്രതിയേയും എം ഡി എം എയും പിടികൂടിയത്. അടിവാരം അങ്ങാടിയില്‍ ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ ലഹരി വിരുദ്ധ മാര്‍ച്ച് നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് നിന്ന് ലഹരി പിടികൂടുന്നത്. കഴിഞ്ഞ ദിവസം കൊടുവള്ളിക്കടുത്ത് വാവാട് നിന്ന് 97 ഗ്രാം എം ഡി എം എ പിടികൂടിയിരുന്നു. കോഴിക്കോട് പണിക്കര്‍ റോഡ് സ്വദേശി നാലുകുടിപ്പറമ്പ് അമീര്‍.

എന്നയാളെയാണ് പൊലീസ് ഈ കേസ്സില്‍ അറസ്റ്റ് ചെയ്തത്. സ്കൂട്ടറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്‍റെ പിടിയിലാവുന്നത്. ഇന്നലെ വെള്ളിപറമ്പില്‍ നിന്ന് പത്തര കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാര്‍ സിംഗ് എന്നിവരും പിടിയിലായിട്ടുണ്ട്. കാരന്തൂരില്‍ കഴിഞ്ഞ ചൊവ്വാഴ്ച കുന്ദമംഗലം പൊലീസ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു.

സ്വകാര്യ ഹോട്ടലിലെ മുറിയില്‍ നിന്ന് 226 ഗ്രാം എം ഡി എം എയാണ് പൊലീസ് പിടികൂടിയത്. ഇത് ഈ വര്‍ഷം ജില്ലയില്‍ പിടികൂടിയ ഏറ്റവും വലിയ കേസ്സാണ്.ഉമ്മളത്തൂര്‍ സ്വദേശി അഭിനവ്,കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി മുസമില്‍ എന്നിവരാണ് ഈ കേസില്‍ പിടിയിലായത്. ജില്ലയില്‍ ഈ വര്‍ഷം 25 ദിവസം പിന്നിടുന്നതിനിടെ എണ്ണൂറ് ഗ്രാമോളം രാസലഹരി മാത്രം വിവിധ കേസുകളിലായി പൊലീസ് പിടികൂടിയിട്ടുണ്ട്.

കുട്ടിക്കാനത്തിനടുത്ത് ബൈക്ക് യാത്രികനെ പിക്കപ്പ് ഇടിപ്പിച്ച് നിര്‍ത്താതെ പോയി; തമിഴ്നാട് സ്വദേശി പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം