മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു.
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ബൈബുവിന്റെ ഉടസ്ഥതയിലുള്ള ഫിയാ മോൾ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മനോജ് (32), രമേഷ് (58), ടെറി (48) എന്നിവരെ മത്സ്യതൊഴിലാളികളും, കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി.
പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി. വള്ളത്തിലെ വലകൾ നഷ്ടപ്പെടുകയും, വള്ളത്തിനും എഞ്ചിനും കേടുപാടുകൾ സംഭവിച്ചു.ശനിയാഴ്ചയും, തിങ്കളാഴ്ചയും അഴിമുഖത്ത് അപകടം സംഭവിച്ചിരുന്നു. മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ഒരു വിഭാഗം മത്സ്യതൊഴിലാളികൾ മുന്നറിയിപ്പുകൾ അവഗണിക്കുകയാണ്.
Read more: പെൺ ഹനുമാൻ കുരങ്ങ് ചാടിയത് കൂട് തുറന്ന് പരീക്ഷണത്തിനിടെ; വിവരം ലഭിച്ചാൽ അറിയിക്കണം, ജാഗ്രതാ നിർദേശം
കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക...
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
