Asianet News MalayalamAsianet News Malayalam

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; രണ്ടാംഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കി ബോഡിനായ്ക്കന്നൂരിലെ ട്രെയിന്‍ 

റെയിൽപാതയുടെ നിര്‍മാണത്തിന് കിലോമീറ്ററിന് 5 കോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്. 

second phase trail run of train to Bodinayakanur completes
Author
First Published Dec 3, 2022, 3:55 AM IST

ഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിന്‍ എന്‍ജിന്‍ പരീക്ഷണ ഓട്ടം നടത്തി. പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള തേനിയിലേക്ക് 120 കിലോമീറ്റര്‍ വേഗതയിൽ എൻജിൻ ഓടിച്ചാണ് രണ്ടാം ഘട്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെയുള്ള ബ്രോഡ്ഗേജ് പാതയിൽ കഴിഞ്ഞ ഒക്ടോബര്‍ 14 ന് 30 കിലോമീറ്റര്‍ വേഗതയില്‍ ഒന്നാം ഘട്ട പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 

കഴിഞ്ഞ വെള്ളിയാഴ്ച ഈ പാതയിലെ സിഗ്നല്‍ പരിശോധനയും പൂര്‍ത്തിയാക്കി. തുടർന്ന് തേനിയിൽ നിന്ന് മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ എൻജിൻ ബോഡിയിലെത്തിച്ചു. തിരികെ തേനിയിലേക്ക് 120 കിലോമീറ്റർ വേഗത്തിലോടിച്ചാണ് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിർമ്മാണം 80ശതമാനം കഴിഞ്ഞിട്ടുണ്ട്. സ്റ്റേഷനിലെത്തുന്ന ട്രെയിനുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതടക്കം 75 കോടി രൂപയുടെ പണികൾ ഡിസംബറിൽ പൂർത്തിയാകും.  റെയിൽപാതയുടെ നിര്‍മാണത്തിന് കിലോമീറ്ററിന് 5 കോടി രൂപ വീതമാണ് വകയിരുത്തിയിട്ടുള്ളത്. 

15 കിലോമീറ്ററിനിടക്ക് 30 ചെറിയ പാലങ്ങളും മൂന്ന് പ്രധാന മേല്‍പ്പാലങ്ങളും നിര്‍മിച്ചു. പുതുവര്‍ഷത്തില്‍ തേനി, മധുര എന്നിവിടങ്ങളിലേക്ക് ബോഡിനായ്ക്കന്നൂരിൽ നിന്നും പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.  മധുര മുതൽ തേനി വരെ 75 കിലോമീറ്റർ ബ്രോഡ്ഗേജ് പാത മെയ് മാസത്തിൽ കമ്മീഷൻ ചെയ്തിരുന്നു. ഇവടെ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്.12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേനിയിലേക്ക് വീണ്ടും ട്രെയിൻ എത്തുന്നത്. 1928 ബ്രിട്ടീഷുകാര്‍ ഇവിടെ പാളം പണിതിരുന്നു. 2010ലാണ് ബോഡിനായ്ക്കന്നൂര്‍ വഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിയത്. 

Follow Us:
Download App:
  • android
  • ios