ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; ഡ്രൈവർമാരെ പുറത്തെടുത്തത് ഒന്നരമണിക്കൂറിന് ശേഷം
ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എമറാൾഡ് ബസാണ് അപകടത്തില്‍പ്പെട്ടത്.
പത്തനംതിട്ട: പത്തനംതിട്ട എം സി റോഡിൽ പന്തളം കുളനടയിൽ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാത്രി ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസും ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എമറാൾഡ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന് ഉള്ളിലേക്ക് ലോറി ഇടിച്ച് കയറിയ നിലയിലാണ്. അപകടത്തില്‍ രണ്ട് വാഹനങ്ങളുടെയും ക്യാബിൻ പൂർണമായും തകർന്നു. വാഹനത്തില്‍ കുടുങ്ങിക്കിടന്ന ഡ്രൈവർമാരെ ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ 14 പേർ ബസ് യാത്രക്കാരാണ്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണം എന്ന് സംശയിക്കുന്നു. ബസിൽ 45 ഓളം പെർ ഉണ്ടായിരുന്നു. അവരെ രക്ഷപ്പെടുത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തിനെ തുടര്‍ന്ന് എംസി റോഡിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്.