വർഷങ്ങളായി താന്‍ അറിയുന്ന കുടുംബമാണ് പരാതിക്കാരിയുടേതെന്നും അവരെ സഹായിക്കാനുള്ള നല്ല ഉദ്ദേശ്യത്തോടെയാണു പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്.ഐ

ഇടുക്കി : വീട്ടുവഴക്കിനെപ്പറ്റി പരാതിയുമായെത്തിയ യുവതിയെ പാസ്റ്ററുടെ അടുത്തേക്കു പറഞ്ഞയയ്ക്കുകയും പാസ്റ്റർ യുവതിയെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. പാസ്റ്റർക്കും ഭാര്യക്കുമെതിരെ കേസെടുത്തു. വെള്ളത്തൂവൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐസക്കിനെയാണു ജില്ലാ പോലീസ് മേധാവി വി. കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്. 

എട്ടു മാസം മുമ്പാണ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതി എത്തിയത്. ഭർത്താവിനു കൗൺസലിങ് നടത്തി പ്രശ്നപരിഹാരത്തിന് എസ്.ഐ ശ്രമിച്ചെങ്കിലും വീണ്ടും വീട്ടുവഴക്കുണ്ടായി. ഇതോടെ എസ്.ഐ യുവതിയെ അടിമാലി പൂഞ്ഞാറുകണ്ടത്തെ പാസ്റ്ററുടെ വീട്ടിൽ കൗൺസലിങ്ങിന് അയച്ചു. എന്നാല്‍ അവിടെ കൗൺസലിങ്ങിനിടെ ചിരിച്ചതിന് യുവതിയെ പാസ്റ്റർ മർദിച്ചെന്നാണു പരാതി.

ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ മാസം 18-ാം തീയ്യതി യുവതി പരാതി നൽകി. ഇതോടെ ആദ്യ പരാതിയിൽ എസ്.ഐയെടുത്ത നടപടികളെപ്പറ്റി അന്വേഷിക്കാൻ ജില്ലാ പൊലീ സ് മേധാവി ഇടുക്കി ഡി.വൈ.എസ്.പിക്കു നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.

അതേസമയം വർഷങ്ങളായി താന്‍ അറിയുന്ന കുടുംബമാണ് പരാതിക്കാരിയുടേതെന്നും അവരെ സഹായിക്കാനുള്ള നല്ല ഉദ്ദേശ്യത്തോടെയാണു പാസ്റ്ററുടെ അടുത്ത് എത്തിച്ചതെന്നും എസ്.ഐ പഞ്ഞു. സംഭവം നടന്ന് മാസങ്ങൾക്കുശേഷം യുവതി പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും എസ്.ഐ പറഞ്ഞു.

Read also: അനുവദനീയമല്ലാത്ത ലൈറ്റുകളും വയറിങ്ങുകളും; ടൂർ പോകാനിരുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

അതേസമയം മറ്റൊരു സംഭവത്തില്‍ ഇടുക്കിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനുനേരെയും ആക്രമണം ഉണ്ടായി. ജോബിന്‍ ടിന്‍റുവിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്‍റുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...