കഴിഞ്ഞ 15 വർഷമായി ചേർത്തല താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ പ്രിയപ്പെട്ട കാവൽക്കാരിയായിരുന്ന 'ശാന്ത' എന്ന നായ ഓർമയായി. ജീവനക്കാർ സ്നേഹത്തോടെ വളർത്തിയ ഈ നായയ്ക്ക് അവർ തന്നെ ഓഫീസ് വളപ്പിൽ സംസ്കാരം ഒരുക്കി. മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് ഈ സംഭവം കാട്ടിത്തരുന്നത്.
ചേർത്തല: ഫയലുകൾക്കും മുദ്രകൾക്കും ഇടയിൽ നീതിയുടെ കാവൽക്കാരായി ജോലി ചെയ്തവർക്കൊപ്പം കഴിഞ്ഞ 15 വർഷമായി ചേർത്തല താലൂക്ക് ഓഫീസിലുണ്ടായിരുന്ന നിശബ്‍ദ കാവൽക്കാരി 'ശാന്ത' എന്ന നായ ഓർമയായി. വർഷങ്ങൾക്കുമുൻപ് ആരോ ഉപേക്ഷിച്ചുപോയ ചെറിയ പട്ടിക്കുഞ്ഞായി താലൂക്ക് ഓഫീസ് വരാന്തയിലെത്തിയതാണ് അവൾ. വിശന്നുകരഞ്ഞ ആ കുഞ്ഞിന് ഓഫീസിലെ അമ്പതോളം ജീവനക്കാർ അന്നവും സ്നേഹവും നൽകി ശാന്തയെന്ന് പേരുമിട്ടു.
പേരുപോലെതന്നെ ശാന്തയായിരുന്നു അവൾ. ആരെയും കുരയ്ക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിരുന്നില്ല. പരാതികളുമായി എത്തുന്ന പാവപ്പെട്ടവരുടെ കാലിനരികിൽ അവൾ മിണ്ടാതിരിക്കും. പകൽ മുഴുവൻ ഓഫീസ് വരാന്തയിൽ ജീവനക്കാരുടെ കണ്ണെത്തും ദൂരത്തും, രാത്രിയാകുമ്പോൾ ആളൊഴിഞ്ഞ ഓഫീസിൽ ഉണർന്നിരിക്കുന്ന കാവൽക്കാരിയുമായി അവൾ മാറി. ജീവനക്കാർക്ക് അവൾ വെറുമൊരു തെരുവുനായ ആയിരുന്നില്ല, പ്രിയപ്പെട്ട സഹപ്രവർത്തകയായിരുന്നു. ഓണത്തിനും വിഷുവിനും അവധിദിവസങ്ങളിൽപോലും ശാന്തയ്ക്കുള്ള ചോറുപൊതി മുടങ്ങിയിരുന്നില്ല. സ്ഥലംമാറ്റം കിട്ടിപ്പോയവരും വിരമിച്ചവരും പിന്നീട് താലൂക്ക് ഓഫീസിൽ എത്തുമ്പോൾ ആദ്യം അന്വേഷിച്ചിരുന്നതും ശാന്തയെയാണ്.
കഴിഞ്ഞദിവസം ആ ജീവൻ പൊലിഞ്ഞപ്പോൾ ഒരു സഹപ്രവർത്തകൻ വിടപറഞ്ഞ വേദനയിലായിരുന്നു താലൂക്ക് ഓഫീസ്. മുൻ ഡെപ്യൂട്ടി തഹസിൽദാർമാരായ സതീഷ് ചന്ദ്രൻ, ശ്യാംകുമാർ, തങ്കച്ചൻ തോട്ടുങ്കര എന്നിവരുടെ നേതൃത്വത്തിൽ ഓഫീസ് വളപ്പിൽതന്നെ സംസ്കാരം ഒരുക്കി. പൊന്നാട പുതപ്പിച്ച് പൂക്കൾ വിതറി അവസാനയാത്ര നൽകാൻ വിരമിച്ചുപോയവർ ഉൾപ്പെടെ നിരവധിപ്പേർ ഓടിയെത്തി. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഓർമിപ്പിച്ച് താലൂക്ക് ഓഫീസ് വളപ്പിലെ ആ ചെറിയ കുഴിമാടം ഇനി ശാന്തയുടെ സ്നേഹസ്മരണകൾ പങ്കുവയ്ക്കും.


