നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. രണ്ടാഴ്ച മുമ്പ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.
പാലക്കാട്: പാലക്കാട് നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. രണ്ടാഴ്ച മുമ്പ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.
പാമ്പ് കടിയേറ്റ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ പിതൃ സഹോദരനും ഭാര്യയുമാണ് വായിൽ നിന്ന് നുരയും പതയും വന്ന് ബോധരഹിതയായി കിടന്ന കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ നെന്മാറയിലെ സർക്കാർ ആശുപത്രിയിലും ശേഷം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടാഴ്ച ചികിത്സയിൽ തുടർന്ന രാജേശ്വരി ഇന്ന് രാവിലെയാണ് മരിച്ചത്. ഏഴാം ക്ലാസുകാരിയായിരുന്നു മരിച്ച രാജേശ്വരി.
ആലപ്പുഴ അരൂർ സ്വദേശിയായ 13 വയസുകാരിയും ഇന്ന് പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങി. അരൂര്‍ സെന്‍റ് അഗസ്റ്റിന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നിയ. റസിഡന്‍സ് അസോസിയേഷന്‍റെ വാര്‍ഷിക പരിപാടിക്ക് നൃത്ത പരിശീലനത്തിനായി കൂട്ടുകാർക്കൊപ്പം പോയതാണ്. കട്ടുറുമ്പ് കടിച്ചതെന്ന് കരുതി മടങ്ങിയ നിയ വീട്ടുകാരുടെ കണ്മുന്നിൽ കുഴഞ്ഞ് വീണു. സ്വകാര്യ ആശുപത്രിയില്‍ ഇരുപത്തി നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ കുട്ടി ഇന്ന് രാവിലെയോടെ മരിച്ചു. നാളെ സ്കൂൾ തുറക്കുമ്പോൾ കളിചിരിയോടെ ക്ലാസ് മുറികളിലേക്ക് പോകേണ്ട രണ്ട് കുഞ്ഞുങ്ങളാണ് ഉറ്റവരെ കണ്ണീരിലാഴ്ത്തി യാത്രയായത്.

