മലപ്പുറം ജില്ലയിലെ തിരൂര്‍ - കോട്ടക്കല്‍ - മഞ്ചേരി റൂട്ടില്‍ സാധാരണ ടിക്കറ്റ് നിരക്കില്‍ ശീതീകരിച്ച പുതിയ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. 'ലാ വെര്‍ണ' ട്രാന്‍സ്‌പോര്‍ട്ടിന്റെ ഈ ബസ് സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം: ശീതീകരിച്ച സ്വകാര്യ ബസില്‍ യാത്ര ചെയ്യണോ? അതും സാധാരണ ടിക്കറ്റ് നിരക്കില്‍. തിരൂര്‍ - കോട്ടക്കല്‍ - മഞ്ചേരി റൂട്ടില്‍ പുതിയ എ സി ബസ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. നൂറ് ശതമാനം സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തനം.
ലാ വെര്‍ണ' ട്രാന്‍സ്‌പോര്‍ട്ടിന്‍റെ ടീന ബസാണ് തിങ്കളാഴ്ച മുതല്‍ നിരത്തില്‍ ഓട്ടം തുടങ്ങിയത്. ബസിന് മുകളിലാണ് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ദിവസവും രാവിലെ ആറേമുക്കാല്‍ മുതല്‍ വൈകീട്ട് ആറര വരെയാണ് സമയക്രമം. 2015ല്‍ ആരംഭിച്ച 'ലാവെര്‍ണ' ബസുകള്‍ വിദ്യാര്‍ഥി സൗഹൃദ ബസ് കൂടിയാണ്.
ശീതീകരിച്ചതും ചൂടുള്ളതുമായ കുടിവെള്ള സംവിധാനം, ഓരോ സ്ഥലത്തും എത്തുമ്പോള്‍ സ്ഥലപ്പേരുകള്‍ കേള്‍ക്കാനും കാണാനുമുള്ള സംവിധാനം, യാത്രയിലുടനീളം വീഡിയോ ദൃശ്യങ്ങളോടെ ട്രാഫിക് ബോധവത്കരണം, നിരീക്ഷണ കാമറ സംവിധാനം, വൈഫൈ ഇവയെല്ലാം പ്രത്യേകതകളാണ്. സാധാരണ യാത്രക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ സുഖകരമായ യാത്ര നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഉടമ പരുത്തിക്കുന്നന്‍ മുഹമ്മദ് ഷാഫി പറഞ്ഞു. 'ലാവെര്‍ണ'യുടെ മറ്റു ബസുകളിലും സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. തിരൂരില്‍ നിന്നുള്ള ആദ്യ യാത്ര ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമീഷണര്‍ എം പി ജയിംസ് ഫ്‌ലാഗ് ഓഫ് ചെയ്തു.
