Asianet News MalayalamAsianet News Malayalam

മാമോദീസ ചടങ്ങിന് കേടായ ബീഫ് ബിരിയാണി വിളമ്പി; 30 പേര്‍ക്ക് ഭക്ഷ്യവിഷബാധ, കേറ്ററിങ്ങ് ഉടമയ്ക്കെതിരെ നടപടി

 ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ്ങ് തൊഴിലാളികള്‍ സ്ഥലം വിട്ടതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു. 

Spoiled beef biryani was served at the baptism ceremony Food poisoning for 30 people
Author
First Published Nov 28, 2022, 11:33 AM IST

മട്ടാഞ്ചേരി:  കേടായ ബീഫ് ബിരിയാണി വിളമ്പിയതിന് കേറ്ററിങ്ങ് ഉടമയ്ക്കെതിരെ കേസ്. മട്ടാഞ്ചേരി മുണ്ടംവേലി കുരിശുപറമ്പിൽ സ്വദേശിയുടെ മകന്‍റെ മാമോദീസ ചടങ്ങിനിടെയാണ് സംഭവം. ഭക്ഷണം കഴിച്ച ഏതാണ്ട് 30 ഓളം പേര്‍ക്ക്  ചെറിച്ചിലും ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു. പലരും ചികിത്സതേടി.  മാമോദീസ ചടങ്ങിനെത്തുന്നവര്‍ക്ക് നല്‍കാനായി മട്ടാഞ്ചേരി സ്വദേശി ഹാരിസിനായിരുന്നു കേറ്ററിങ് നല്‍കിയിരുന്നത്. ഏതാണ്ട് നൂറ്റിമുപ്പത് പേര്‍ക്കുള്ള ബിരിയാണിക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ചടങ്ങിന് ആളുകളെത്തി തുടങ്ങിയപ്പോള്‍ കേറ്ററിങ്ങുകാര്‍ കൊണ്ട് വച്ച ചെമ്പ് തുറന്നു. അപ്പോള്‍ തന്നെ അസ്വാഭാവികമായ മണം പരന്നതായി സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെട്ടിരുന്നു. 

പലരും പരാതിപ്പെട്ടപ്പോള്‍ അസ്വാഭാവികത തോന്നിയ വീട്ടുടമ കേറ്ററിങ്ങ് ഏറ്റെടുത്ത ഹാരിസിനെ വിളിച്ച് പരാതി പറഞ്ഞു. ഇതിനിടെ ഭക്ഷണം വിളമ്പിയിരുന്ന കേറ്ററിങ്ങ് തൊഴിലാളികള്‍ സ്ഥലം വിട്ടതോടെ സംശയം ഇരട്ടിച്ചു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ മുപ്പതോളം പേര്‍ ഭക്ഷണം കഴിച്ചിരുന്നു. കഴിച്ചവരില്‍ പലരും ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടതോടെ വീട്ടുടമ പൊലീസില്‍ പരാതി നല്‍കി. ഇതനുസരിച്ച് സ്ഥലത്തെത്തിയ തോപ്പുംപടി പൊലീസ്, കേറ്ററിങ്ങ് ഉടമ ഹാരിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണ്‍ സ്വച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്ക് വേറെ ഭക്ഷണം വരുത്തി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസ് അറിയിച്ചത് അനുസരിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് സ്ഥലത്തെത്തി ഭക്ഷണത്തിന്‍റെ സാമ്പിള്‍ ശേഖരിച്ചു. പ്രഥമിക പരിശോധനയില്‍ മോശമായ ഇറച്ചി ഉപയോഗിച്ചാണ് ബിരിയാണി പാചകം ചെയ്തതെന്ന് കണ്ടെത്തിയതി. ഇതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേറ്ററിങ്ങ് ഉടമ ഹാരിസിന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios