ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു
ഇടുക്കി: നെടുങ്കണ്ടത് ദമ്പതികളെ മർദ്ദിച്ച്, മോഷ്ടാക്കൾ പണം അപഹരിച്ചു. പേപ്പർ സ്പ്രെയ്ക് സമാനമായ സ്പ്രേ മുഖത്ത് അടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. നെടുങ്കണ്ടം പാലാർ സ്വദേശി പെരുംപുഴയിൽ ശ്രീകുമാറിനും ഭാര്യ വിജിക്കുമാണ് മർദ്ദനമേറ്റത്. ശ്രീകുമാറിന്റെ പക്കലുണ്ടായിരുന്ന 34000 രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പുരുഷ സഹായ സംഘം മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേയ്ക് മടങ്ങുകയായിരുന്ന ശ്രീകുമാറിനെ ചിലർ അക്രമിയ്ക്കുകയായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ ശ്രീകുമാറിന്റെ ഭാര്യ വിജി യ്കും മർദ്ദനമേറ്റു. ശ്രീകുമാറിന്റെ കൈക്കും കാലിനും പരുക്കുണ്ട്. വിജിയുടെ വയറിൽ അക്രമികൾ ചവിട്ടുകയായിരുന്നു. സഹായ സംഘത്തിൽ നിന്ന് ലഭിച്ച 34000 രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. പണം അക്രമികൾ അപഹരിച്ചു. പരുക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക് ആശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഏതാനും നാളുകളായി മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണം എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്.
കൊച്ചിയിൽ തകർന്നുവീണ ഹെലികോപ്ടർ പറത്തിയത് മലയാളി; കൂടുതൽ വിവരങ്ങൾ പുറത്ത്

അതേസമയം ഇടുക്കിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കാഞ്ചിയാറിലെ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയായ വത്സമ്മയെ (അനുമോൾ-27) കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് ബിജേഷ് പിടിയിലായി എന്നതാണ്. തമിഴ്നാട് വനമേഖല അതിർത്തിയിൽ നിന്നാണ് ബിജേഷ് പിടിയിലായത്. ശേഷം ചോദ്യംചെയ്യലിൽ കൊലപാതകം ചെയ്യാനുള്ള കാരണമടക്കം ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് വ്യക്തമാകുന്നത്. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട് അനുമാൾ വനിത സെല്ലിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് പിടിയിലായ ബിജേഷ് പൊലീസിന് നൽകിയ മൊഴി.
