വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ മുകളിലത്തെ നിലയിലുൾപ്പെടെയുള്ള മുറികളിലെ അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

ചാരുംമൂട്: താമരക്കുളം വേടരപ്ലാവിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം. ഗൾഫിൽ ജോലി ചെയ്യുന്ന വേടരപ്ലാവ് ശ്രീനന്ദനത്തിൽ രാജീവ് നായരുടെ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ മോഷണശ്രമം നടന്നത്. മുഖം മറച്ചെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. രാജീവ് നായരും ഭാര്യയും ഗൾഫിലായതിനാൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു. നാട്ടിൽ ബന്ധുവിനൊപ്പമുള്ള മകളും മകനും ഇടയ്ക്ക് വന്ന് വീട് തുറക്കാറാണ് പതിവ്. ഇവർ ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടതോടെയാണ് മോഷ്ടാക്കൾ കയറിയ വിവരമറിയുന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ മുകളിലത്തെ നിലയിലുൾപ്പെടെയുള്ള മുറികളിലെ അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വിലപിടിപ്പുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. മതിൽ ചാടിക്കടന്ന് വീടിന്റെ മുന്നിലെത്തിയ മോഷ്ടാക്കൾ കതക് കുത്തിപ്പൊളിക്കുന്നതിന്റെയും കാമറ ശ്രദ്ധയില്പെട്ടതോടെ അത് തിരിച്ചുവെക്കുന്നതിന്റെയും ബൾബ് ഊരി മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താനായി പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കൂടി പൊലീസ് ശേഖരിച്ചുവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം