മോഷണ ബൈക്കിൽ എത്തി റോഡിലൂടെ നടനുപോയ വീട്ടമ്മയുടെ നാല് പവൻ മാല മോഷ്ടിച്ച യുവാക്കൾ പിടിയിൽ.

തിരുവനന്തപുരം: റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ നാല് പവൻ മാല മോഷണ ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാക്കൾ പിടിയിൽ. മലയിൻകീഴ് അണപ്പാട് സ്വദേശി അർജുൻ, കൂട്ടാളിയായ മലയിൻകീഴ് മച്ചേൽ സ്വദേശി തക്കുടു എന്ന് വിളിക്കുന്ന അഭിഷേക് എന്നിവരെയാണ് നെയ്യർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. നേയ്യർഡാം നിരപ്പുക്കാലയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന ജയകുമാരിയുടെ മാല ആണ് ബൈക്കിൽ എത്തിയ ഇരുവരും പൊട്ടിച്ച് കടന്നത്. 

തുടർന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരും പിടിയിലായത്. ജില്ലയിൽ നിരവധി പിടിച്ചുപറി കേസുകളിലും, പീഡനം, ലഹരി ഉപയോഗക്കേസുകളിലും ഇരുവരും പ്രതികളാണ് എന്ന് പൊലീസ് പറയുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ എത്തിയാണ് ഇരുവരും മാല മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. 

Read more: അമ്പലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിക്ക് സമീപം ശുചിമുറിയിൽ യുവതിക്കെതിരെ പീഡനശ്രമം, 'സെക്യൂരിറ്റി' അറസ്റ്റിൽ

അതിനിടെ, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് യുവതിയുടെ കഴുത്തിൽ നിന്നു അഞ്ച് പവൻ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായിരുന്നു. തെന്നൂർക്കോണം ഞാറവിളയിൽ ആണ് സംഭവം. വിഴിഞ്ഞം കരയടി വിള പിറവിളാകം വീട്ടിൽ കൊഞ്ചൽ എന്നു വിളിക്കുന്ന ജിതിൻ (24), വിഴിഞ്ഞം പള്ളിത്തുറ പുരയിടം വീട്ടിൽ ഇമാനുവേൽ (26), വിഴിഞ്ഞം കടയ്ക്കുളം കുരുവിത്തോട്ടം വീട്ടിൽ ഫെലിക്സൺ എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് വർക്കലയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ഞാറവിള എസ്.എസ്. ഭവനിൽ എസ്.എസ്. ഷിജുവിന്റെ ഭാര്യ വി. രാഖി (30)യുടെ മാലയാണ് വീടിന് സമീപം വച്ചുള്ള ഇടവഴിയിൽ വെച്ച് മോഷ്ടാക്കള്‍ പൊട്ടിച്ച് കടന്നത്. സ്കൂളിൽ നിന്ന് മകനെ വിളിക്കാൻ വീടിനു സമീപത്തെ ഇടവഴിയിലൂടെ നടക്കുമ്പോൾ പുറകിലൂടെ നടന്നെത്തിയ ജിതിനാണ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ യുവതിയുടെ കഴുത്തിനു പരിക്കേറ്റിരുന്നു.

പരാതി ലഭിച്ചതോടെ വിഴിഞ്ഞം എസ്.ഐ. സമ്പത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിൽ പിടിയിലാകുന്നത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട് സെർച്ച് ചെയ്ത പൊലീസിന് നിരവധി സ്ഥലത്തുള്ളവരുടെ പേരും നമ്പരും എഴുതി സൂക്ഷിച്ച ചെറിയ തുണ്ട് പേപ്പർ കിട്ടി. ഇതിലെ നമ്പരുകളിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയും മറ്റ് രണ്ടു പേരുമായി പച്ച നിറമുള്ള ഓട്ടോയിൽ കായംകുളത്ത് എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ വർക്കലയിൽ ഉള്ളതായി കണ്ടെത്തി.വിഴിഞ്ഞം പൊലീസ് ഇവിടെ എത്തി നടത്തിയ പരിശോധനയിലാണ് റിസോർട്ടിൽ നിന്നും പ്രതികൾ പിടിയിലായത്.