ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന അഷ്ടപദി വീട്ടിൽ എസ് മനോജിനെയാണ് (48) ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്. 

വെള്ളിയാഴ്ച വൈകിട്ട് മോർച്ചറിക്ക് സമീപമുള്ള ശുചിമുറിയിൽ വച്ചാണ് സംഭവം. ഇയാളെ സുരക്ഷാ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി സൂപ്രണ്ട് ഡോ. എ അബ്ദുൽ സലാം അറിയിച്ചു. യുവതി സൂപ്രണ്ടിന് നൽകിയ പരാതി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.

Read more: ടിക്കറ്റുണ്ടായിട്ടും യാത്ര വിലക്കി; കേരള ഹൈക്കോടതി ജഡ്ജിന്റെ പരാതിയിൽ ഖത്തർ എയർവേയ്സിന് പിഴ ലക്ഷങ്ങൾ!

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ കഠിനതടവിനും നഷ്ടപരിഹാരത്തിനും ശിക്ഷിച്ച് തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി. തൃശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി പാവറട്ടി പുതുമനശേരി മുസ്തഫയെ (40) വിവിധ വകുപ്പുകളിലായി 15 വര്‍ഷം തടവിനും 60,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം 5 മാസം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മറ്റൊരു കേസ്സില്‍ ചേലക്കര മേപ്പാടം സ്വദേശി പയറ്റി പറമ്പില്‍ റഫീക്കിനെ (48 ) നാലുവര്‍ഷവും ഒമ്പതുമാസം തടവും 61,000 രൂപ പിഴയും വിധിച്ചു. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് രണ്ടുകേസുകളിലായി ഒരേ ദിവസം ശിക്ഷാ വിധി പ്രഖ്യാപിച്ചത്.

2015 ലാണ് കേസ്സിനാസ്പദമായ സംഭവം. പ്രതിയായ മുസ്തഫ അതിജീവിതയെ ഓട്ടോറിക്ഷ യില്‍ തട്ടിക്കൊണ്ടുപോയി പ്രതിയുടെ ഒളിവുസങ്കേതത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സീനിയര്‍ സി.പി. ഒ പി.ആര്‍ . ഗീത പ്രോസിക്യൂഷന്‍ സഹായിയായി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ. പി . അജയ് കുമാര്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍നിന്ന് ഹാജരായി .