കോഴിക്കോട് വീട്ടിൽനിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയിൽനിന്ന് കണ്ടെത്തി. ബാലുശ്ശേരിക്ക് സമീപം കൂരാച്ചുണ്ടിലാണ് സംഭവം. അലമാരയില്‍നിന്ന് നഷ്ടമായ മൂന്നരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് കണ്ടെത്തിയത്.
കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ തിരികെ വെച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കൂരാച്ചുണ്ടിലാണ് ഏവരെയും അതിശയിപ്പിച്ച സംഭവവികാസങ്ങള്‍ ഉണ്ടായത്.
ശങ്കരവയല്‍ നെല്ലിയുള്ളപറമ്പില്‍ രവിയുടെ വീട്ടിലെ അലമാരയില്‍നിന്ന് നഷ്ടമായ ആഭരണപ്പെട്ടിയിലുണ്ടായിരുന്ന മൂന്നരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് തിരികെ ലഭിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടാവ് ആഭരണം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് നിഗമനം.
ജൂലൈ 11നാണ് രവിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടി മോഷണം പോയത്. തുടര്‍ന്ന് വീട്ടുകാര്‍ കൂരാച്ചുണ്ട് പോൊലീസില്‍ പരാതി നല്‍കിയിരുന്നു. ശങ്കരവയല്‍ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാരുടെ നേതൃത്വത്തിലും അന്വേഷണം ഊര്‍ജിതമാക്കി. വീടിന് മുന്‍വശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെയാണ് ചെടിച്ചട്ടിയില്‍ സ്വര്‍ണമാല തിരികെ വെച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ വിവരം പൊലീസില്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കുടുംബവും നാട്ടുകാരും ആവശ്യപ്പെട്ടു.


