കുഞ്ഞു മനസുകൾ എന്നും ഏറെ മൃദുലമാണ്. ചെറിയൊരു പോറൽ പോലും അവരെ നോവിച്ചേക്കാം... ഇത് സിന്ധു ടീച്ചർക്കറിയാം. അതു തന്നെയാണ് അവർ ആ കുഞ്ഞിനെ ചേർത്തുനിർത്തിയതും. ശിശു കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കേണ്ടിയിരുന്ന തന്റെ വിദ്യാർത്ഥിനിക്ക് താൽക്കാലിക ഇടമൊരുക്കി തന്നോടൊപ്പം വീട്ടിൽ പാർപ്പിച്ച ഈ അധ്യാപികയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
അമ്പലപ്പുഴ: കുഞ്ഞു മനസുകൾ എന്നും ഏറെ മൃദുലമാണ്. ചെറിയൊരു പോറൽ പോലും അവരെ നോവിച്ചേക്കാം... ഇത് സിന്ധു ടീച്ചർക്കറിയാം. അതു തന്നെയാണ് അവർ ആ കുഞ്ഞിനെ ചേർത്തുനിർത്തിയതും. ശിശു കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കേണ്ടിയിരുന്ന തന്റെ വിദ്യാർത്ഥിനിക്ക് താൽക്കാലിക ഇടമൊരുക്കി തന്നോടൊപ്പം വീട്ടിൽ പാർപ്പിച്ച ഈ അധ്യാപികയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മനസ് ഏറെ നീറിയ കുരുന്നിന്റെ ഉള്ളറിഞ്ഞ യഥാർത്ഥ അധ്യാപികയുടെ കഥയാണിത്.
പുന്നപ്ര ഗവ: സിവൈഎംഎ യുപി സ്കൂളിലെ സീനിയർ അധ്യാപികയായ സിന്ധു ടീച്ചറാണ് ഏഴാം ക്ളാസിൽ പഠിക്കുന്ന തൻ്റെ വിദ്യാർത്ഥിനിയെ നെഞ്ചോടു ചേർത്തു പിടിച്ച് സ്നേഹം കൊണ്ട് മനസ് നിറച്ചത്. കുടുംബ പ്രശ്നം മൂലം കുട്ടിയുടെ പിതാവ് മറ്റൊരിടത്ത് മാറിത്താമസിക്കുകയായിരുന്നു. എന്നാൽ ഈ പിഞ്ചു മനസിന് ചേർത്തലക്ക് സമീപം താമസിക്കുന്ന പിതാവിനൊപ്പം കഴിയണം എന്നായിരുന്നു ആഗ്രഹം.
കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പിതാവിൻ്റെ മാതാപിതാക്കൾക്കൊപ്പം പോകണമെന്ന കുട്ടിയുടെ ആഗ്രഹത്തിന് അമ്മ എതിർപ്പറിയിച്ചു. ഇതോടെ സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്കൂളിലെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൊണ്ടു പോവുകയായിരുന്നു. വയനാട്ടിൽ ജോലിക്കു പോയ പിതാവ് മടങ്ങി വരുന്നതുവരെ ഒരാഴ്ചക്കാലം മായിത്തറയിലെ ശിശു കേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു നിർദേശം.
എന്നാൽ തന്റെ വിദ്യാർത്ഥിനിയുടെ കുഞ്ഞു മനസ്സിൻ്റെ നൊമ്പരം തിരിച്ചറിഞ്ഞ സിന്ധു ടീച്ചർ ഒരാഴ്ചക്കാലം കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്ന് അറിയിച്ചു. ചൈൽഡ് ലൈൻ ഇതിന് അനുവാദം നൽകിയതോടെ കുട്ടിയെ സിന്ധു ടീച്ചർ തൻ്റെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് തിരികെയെത്തിയപ്പോൾ വീണ്ടും മായിത്തറയിൽ കുട്ടിയുമായെത്തി.
Read more: പരക്കെ മഴ തുടരാൻ സാധ്യത, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു, നാളെയും മഴയെന്ന് പ്രവചനം
പിതാവിനൊപ്പം താമസിക്കണമെന്ന ആഗ്രഹത്തെത്തുടർന്ന് കുട്ടിയെ പിതാവിൻ്റെ കൂടെ പറഞ്ഞയച്ചു. നിസാര കുടുംബ വഴക്കുകളുടെ പേരിൽ കുട്ടികളുടെ വിലയേറിയ ഭാവി തകർക്കരുതെന്നാണ് ഈ പ്രിയപ്പെട്ട അധ്യാപിക പറയുന്നത്. കുരുന്നു മനസ്സുകളുടെ വേദന മനസിലാക്കാൻ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും സിന്ധു ടീച്ചർ പറയുന്നു.
