അഭിപ്രായങ്ങളുമായി കമന്റ് ബോക്സിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് കേരള പൊലീസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
മാന്നാർ: തിരക്കുള്ള റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുമ്പോൾ ക്ഷമയോടെ കാത്ത് നിന്ന് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്ന തെരുവ് നായയുടെ വീഡിയോ കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ വൈറലാകുമ്പോൾ മാന്നാർ ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായ മനു വിജയൻ ഏറെ സന്തോഷിക്കുകയാണ്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം ഹയർ സെക്കന്ററി സ്കൂളിന് മുന്നിലുള്ള സീബ്രാ ലൈനിലൂടെ തെരുവ് നായ റോഡ് മുറിച്ച് കടക്കുന്നതാണ് കുട്ടമ്പേരൂർ നടുവിലേപറമ്പിൽ മനു വിജയൻ (34) തന്റെ മൊബൈലിൽ പകർത്തിയത്.
റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്ന തെരുവ് നായ അവിചാരിതമായിട്ടാണ് മനുവിന്റെ ശ്രദ്ധയിൽ പെടുന്നത്. കൗതുകകരമായത് എന്തും മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മനു ആ രംഗം തന്റെ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് 4 ദിവസങ്ങൾക്ക് മുമ്പാണ്. മാന്നാറിലെ മാധ്യമ പ്രവർത്തകനായ അൻഷാദ് മാന്നാർ അത് കേരള പൊലീസിലെ സോഷ്യൽ മീഡിയ ടീമിന് കൈമാറുകയും ചെയ്തതോടെയാണ് വീഡിയോ വൈറലായി മാറിയത്.
അഭിപ്രായങ്ങളുമായി കമന്റ് ബോക്സിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് കേരള പൊലീസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. അശ്രദ്ധമായി റോഡിലൂടെ സഞ്ചരിക്കുന്ന മനുഷ്യർക്ക് ഒരു പാഠമെന്ന നിലയിൽ മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് പേർ ഷെയർ ചെയ്യുകയും ആയിരങ്ങൾ കണ്ട് കഴിയുകയും ചെയ്തതോടെ നിരവധി പേർ മനുവിനെ അഭിനന്ദിക്കാനുമെത്തി.
പതിനൊന്ന് വർഷമായി മാന്നാർ ഗ്രാമ പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായ മനു കോവിഡ് കാലത്ത് ഔദ്യോഗിക തിരക്കിനിടയിൽ വീണുകിട്ടുന്ന വിശ്രമ വേളകളിൽ ജനശ്രദ്ധയാകർഷിക്കുന്ന കോവിഡ് ജാഗ്രതാ നിർദേശങ്ങൾ അടങ്ങുന്ന പോസ്റ്ററുകൾ ഉണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. അന്ന് ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന അലക്സാണ്ടർ മനുവിനെ ചേമ്പറിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മനു നടുവിലേ മുറി മാന്നാറിന്റെ സ്പന്ദനമായി മാറിയ മാന്നാർ @മാന്നാർ ഫേസ് ബുക്ക് ഗ്രൂപ്പിന്റെയും നിരവധി ഫേസ് ബുക്ക് പേജുകളുടെയും അഡ്മിൻ പാനലംഗവുമാണ്. സൂര്യയാണ് ഭാര്യ. നാലു വയസുകാരി റിഥിക ഏക മകളാണ്.
