ഞായറാഴ്ച കാണാതായ ഓജോ എന്ന പിറ്റ്ബുൾ നായയെ സുഭാഷ് പാർക്കിൽ കണ്ടെത്തി. നിരവധി പേർ ഉടമസ്ഥാവകാശം ഉന്നയിച്ചെങ്കിലും, യഥാർത്ഥ ഉടമകൾ രേഖകൾ ഹാജരാക്കിയതോടെ അധികൃതരുടെ ഇടപെടലിൽ നായയെ തിരികെ ലഭിച്ചു.

കൊച്ചി: 'ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അവനെ കാണാതായത്, അപ്പോൾ മുതൽ തുടങ്ങിയ അന്വേഷണത്തിന് ഇടവേള കൊടുത്തത് പിറ്റേന്ന് പുലർച്ചയോടെയാണ്. തിങ്കളാഴ്ച രാവിലെ പത്രത്തിലെ വാർത്ത കണ്ടാണ് ഞങ്ങളുടെ 'ഓജോ'യെ സുഭാഷ് പാർക്കിൽ കണ്ടെത്തിയതായി അറിഞ്ഞത്', എറണാകുളം പള്ളിമുക്ക് സ്വദേശിയായ വി വി ജയദേവൻ പറഞ്ഞ് തുടങ്ങി... പലരും വാർത്തകളിൽ അവനെ വളരെ അഗ്രസീവും ഉപദ്രവകാരിയുമായാ പിറ്റ്ബുൾ എന്നാണ് ഓജോയെ വിശേഷിപ്പിച്ചത്.

എന്നാൽ കഴിഞ്ഞ എട്ട് വർഷത്തോളമായി റെസിഡൻഷ്യൻ ഏരിയയിലെ വീട്ടിൽ താമസിക്കുന്ന ഓജോയെ കുറിച്ച് ഇതുവരെ യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ചെവിയിൽ തകരാറുള്ളതിനാൽ നോക്കാൻ കഴിയാതെ വന്നതോടെ തനിക്ക് ഒരാൾ നൽകിയതാണ് പിറ്റ്ബുള്ളിനെയെന്നും മൂന്ന് മാസത്തോളം മാമംഗലത്തെ ആശുപത്രിയിൽ ചികിത്സിച്ച ശേഷമാണ് വീട്ടിലെത്തിച്ചതെന്നും മകൻ ജയദേവന്‍റെ മകൻ സംഗീത് പറഞ്ഞു.

ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഞായറാഴ്ച സുഭാഷ് പാർക്കിൽ കണ്ടെത്തിയ പിറ്റ്ബുൾ ഉടമസ്ഥരിലേക്ക് എത്തുന്നത്. നായയെ ഉപേക്ഷിച്ചതല്ലെന്നും ബെൽറ്റ് ചങ്ങലയും ഉപയോഗിച്ച് കെട്ടിയിരുന്നുവെങ്കിലും അവയുടെ പഴക്കം മൂലം ഊരി പോയതായിരുന്നുവെന്നും ഉടമസ്ഥർ പറഞ്ഞു. നായയെ ദർബാർ ഹാൾ, സുഭാഷ് പാർക്ക്‌ എന്നിവിടങ്ങളിൽ നടക്കാൻ കൊണ്ടുപോകുമായിരുന്നു. കാണാതായ ശേഷവും നായ ഈ രണ്ട് സ്ഥലത്തും എത്തിയതാണെന്നും ഉടമ പറയുന്നു. അതേസമയം പാർക്കിൽ നിന്ന് കണ്ടെത്തിയ പിറ്റ്ബുള്ളിനെ ഉടമസ്ഥനെ അന്വേഷിച്ച് കൈമാറാൻ നിൽക്കാതെ എന്ന എസ് പി സി എ മുൻ സെക്രട്ടിയായിരുന്ന ടി കെ സജീവൻ എടുത്ത് കൊണ്ടുപോകുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

നായയെ കൈവശപ്പെടുത്തിയ സജീവൻ ഉടമസ്ഥരായ ജയദേവനും മകൻ സംഗീത് ജയദേവനും എത്തിയ ശേഷവും നായയെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. തുടർന്ന് നായയുടെ ഇഞ്ചക്ഷനുകളെടുത്ത സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും ഹാജരാക്കിയതോടെ ടി ജെ വിനോദ് എംഎൽഎ, തേവരസി ഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എസ് പി സി എ ഇൻസ്പെക്ടർ, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് കെ ബി ഇക്ബാൽ തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് നായയെ തിരികെ ഉടമസ്ഥനെ ഏൽപ്പിക്കുന്നതിന് നടപടിയായത്. ഇന്ന് വൈകുന്നേരത്തോടെ ഉടമസ്ഥർക്ക് ഓജോയെ കൈമാറും.

നിലയ്ക്കാതെ 'ഉടമകളുടെ' കോളുകൾ

പിറ്റ്ബുളളിനെ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞതോടെ ഉടമസ്ഥരുടെ കോളുകളുടെ പ്രവാഹമാണ് എഎസ്പിസിഎയിലേക്ക് എത്തിയത്. താനാണ് നായയുടെ ഉടമസ്ഥനെന്ന് അറിയിച്ച് ഇന്നലെ മാത്രം പത്തിലധികം ആളുകളാണ് ബന്ധപ്പെട്ടത്. ഉടമസ്ഥത തെളിയിക്കാൻ ലൈസൻസുമായി വരാൻ ആവശ്യപ്പെട്ടതോടെ ഓരോ കോളിനും അവസാനമായി. ലൈസൻസ് കാണാനില്ല, നഷ്ടപ്പെട്ടു പോയി എന്നി മറുപടികളാണ് ആകെ ലഭിച്ചത്.