തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുതിയങ്ങാടി എടക്കല്‍ ബീച്ചില്‍ ആണ് അപകടം നടന്നത്. 

കോഴിക്കോട്: കളിക്കുന്നതിനിടെ കടലില്‍ വീണ ഫുട്ബോള്‍(football) എടുക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട്(drowned) വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഏലത്തൂര്‍ പാവങ്ങാട് ബിഇഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ ഹക്കീം(11) ആണ് മരിച്ചത്(death) ബീച്ചില്‍ കളിക്കുന്നതിനിടെ കടലിലേക്ക് തെറിച്ച് പോയ ഫുട്ബോളെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ മുങ്ങുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുതിയങ്ങാടി എടക്കല്‍ ബീച്ചില്‍ ആണ് അപകടം നടന്നത്. കടലിലിറങ്ങിയ കുട്ടിയെ തിര 200 മീറ്ററോളം കടലിനുള്ളിലേക്ക് കൊണ്ടുപോയി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാ സേനയും പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലൊനടുവിലാണ് മൃദേഹം കമ്ടെത്തിയത്.

രാത്രി എട്ട് മണിയോടെ കുട്ടിയുടെ മൃതദേഹം സമീപത്തെ തീരത്തു നിന്നും കണ്ടെത്തുകയായിരുന്നു. ഏലത്തൂര്‍ കോസ്റ്റല്‍ പൊലീസ് എസ്ഐമാരായ ബാലകൃഷ്ണന്‍, അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. പുതിയങ്ങാടി ബാങ്ക് ബസാറിന് സമീപം പറമ്പത്ത് വീട്ടില്‍ റഫീഖ്- മുംതാസ് ദമ്പതികളുടെ മകനാണ് മരിച്ച അബ്ദുള്‍ ഹക്കീം. സഹോദരങ്ങള്‍: ഹാദിയ, മുഹമ്മദ് യാസിന്‍. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം തെരിയത്ത് ജുമാ മസ്ജിദ് കബറിസ്ഥാനില്‍ കബറടക്കും.