പയ്യോളിയിൽ വഴിയരികിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണം പ്ലസ് ടു വിദ്യാർത്ഥിനിയായ അമയക്ക് ലഭിച്ചു. ദിവസങ്ങളായി ആശങ്കയിലായിരുന്ന 81-കാരിയായ ഫൗസിയ എന്ന വയോധികയെ കണ്ടെത്തി അമയ ആഭരണം തിരികെ ഏൽപ്പിച്ചു.
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വഴിയരികില്‍ നിന്ന് ലഭിച്ച ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണാഭാരണം ഉടമയെ ഏല്‍പിച്ചപ്പോള്‍ വിരാമമായത് വയോധികയുടെ ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്ക്. പയ്യോളി ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി അമയയുടെ (17) സത്യസന്ധതയാണ് വയോധികയായ ഫൗസിയ(81)യുടെ ദിവസങ്ങള്‍ നീണ്ടു നിന്ന അലച്ചില്‍ അവസാനിപ്പിച്ചത്. ആഭരണം തിരികെ ലഭിച്ച നിമിഷത്തില്‍ അമയയെ വാരിപ്പുണര്‍ന്നാണ് ആ ഉമ്മ തന്റെ നന്ദി അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പേരാമ്പ്ര റോഡിലെ കേരള ബാങ്കിന് സമീപത്തുവെച്ച് പെരുമാള്‍പുരം ചെറുകുറ്റി സ്വദേശിനി ഫൗസിയയുടെ അഞ്ച് പവന്‍ വരുന്ന ആഭരണം അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത്. രാത്രിയോടെ വീട്ടില്‍ എത്തിയ ശേഷമാണ് ബാഗില്‍ പഴ്‌സില്ലെന്ന് വ്യക്തമായത്. അടുത്ത ദിവസം രാവിലെ തന്നെ പയ്യോളിയിലെത്തി സ്റ്റാന്റിലെ ബസ് ജീവനക്കാരോട് അന്വേഷണം നടത്തി. രാവിലെ മുഴുവന്‍ വഴിയരികിലും തിരച്ചില്‍ നടത്തി. ഒടുവില്‍ പയ്യോളി പോലീസ് സ്‌റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം
സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയതായി പ്രചരിക്കുന്നുണ്ടെന്ന് സ്റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്‌ഐ പറഞ്ഞതനുസരിച്ച്, കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ പയ്യോളി-പേരാമ്പ്ര റോഡിലെ സൂപ്പര്‍ മെഡിക്കല്‍സ് ഉടമ എം ഫൈസലാണ് വിവരം പങ്കുവെച്ചതെന്ന് ബോധ്യമായി. ഫൈസലിനെ ബന്ധപ്പെട്ട് ആഭരണവുമായി സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി. പിന്നീട് അമയയുടെ കൂടി സാനിധ്യത്തിലാണ് ഫൗസിയക്ക് ആഭരണം കൈമാറിയത്.



