ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളും ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടലുകളും ഒപ്പം നില്‍ക്കുന്ന നാട്ടുകാരുടെ പ്രാര്‍ത്ഥനകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍ ഉള്ളത്. 

മൂന്നാറിലെ മൂന്ന് കുടുംബങ്ങളില്‍ നിന്ന്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഉയരുന്ന പ്രാര്‍ത്ഥനകള്‍ തോര്‍ന്നിട്ടില്ല. യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ (Russia Ukraine crisis) പഠിക്കുന്ന മക്കള്‍ സുഖമായി മടങ്ങി വരണേയെന്ന പ്രാര്‍ത്ഥനയില്‍ നാടിന്റെ മനസ്സുമുണ്ട്. ഇന്ത്യന്‍ എംബസിയുടെ (Indian Embassy) ഇടപെടലുകളും ഭരണകൂടത്തിന്റെ സമയോചിതമായ ഇടപെടലുകളും ഒപ്പം നില്‍ക്കുന്ന നാട്ടുകാരുടെ പ്രാര്‍ത്ഥനകളും തങ്ങളുടെ മക്കളെ സുഖമായി നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍ ഉള്ളത്. 

മൂന്നാര്‍ ടൗണിലെ റഫീക് റസ്റ്റോറന്റ് ഉടമയുടെ മകള്‍ റമീസ റഫീക് (22) മൂന്നാര്‍ പോതമേട് സ്വദേശി മണിയുടെ മകള്‍ എമീമ (19) ലോക്കാട് എസ്‌റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ ആല്‍ഡ്രിന്‍ വര്‍ഗ്ഗീസിന്റെ മകള്‍ ആര്യ (20) എന്നിവരാണ് യുക്രൈനില്‍ പഠിക്കുന്നത്. റമീസ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയും എമീമ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. ലിവിവ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ലിവിവില്‍ തന്നെയാണ് പഠിച്ചു വരുന്നത്. ആര്യ യുദ്ധഭീതി (Russia Ukraine Conflict) നിറഞ്ഞു നില്‍ക്കുന്ന കീവിലാണ് താമസിച്ചു പഠിക്കുന്നത്. റമീസയും എമീമയും നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ എംബസി യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് എത്താനുള്ള സാധ്യത തെളിഞ്ഞത്. റമീസ റോഡുമാര്‍ഗ്ഗം പോളണ്ടിലും എമീമ ഹംഗറിയിലുമാണ് എത്തുക. അവിടെ നിന്നും അതാത് രാജ്യങ്ങളുടെ സഹായത്തോടെ ഇവരെ നാട്ടിലേക്ക് എത്തിക്കുവാനുള്ള നീക്കമാണ് നടന്നു വരുന്നത്. 

മുഖ്യന്ത്രിയും എം.എല്‍.എ അഡ്വ. എ.രാജയും കുടുംബങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ബോധ്യപ്പെടുത്തുകയും എല്ലാ വിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോക്കാട് സ്വദേശി ആര്യയുടെ വീട്ടില്‍ നേരിട്ടെത്തിയ എം.എല്‍.എ ആര്യയെ നാട്ടിലെത്തിക്കുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.

ഓപറേഷൻ ​ഗം​ഗ; യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുന്നു

കേന്ദ്ര സർക്കാരിന്റെ ഓപറേഷൻ ​ഗം​ഗ വഴി യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. റുമാനിയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തി. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് ഇന്നെത്തിയത്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി. 

തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.അതേസമയം യുക്രൈനിൽ നിന്ന് ദില്ലിയിലേക്കുള്ള അടുത്ത വിമാനം വൈകുമെന്ന് ദില്ലിയിലെ ഇഇഫർമേഷൻ ഓഫിസർ സിനി കെ തോമസ് പറഞ്ഞു. ഹംഗറിയിൽ നിന്നുള്ള വിമാനം ദില്ലിയിൽ രാവിലെ ഒമ്പതരയോടെ എത്തും..25 മലയാളി വിദ്യാർത്ഥികൾ ഇതിലുണ്ട്

സുരക്ഷിതമായി ആയിരുന്നു അതിർത്തിയിലേക്കുള്ള യാത്രയെന്ന് യുക്രൈനിൽ നിന്നെത്തിയ സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. യുക്രൈനിൽ ഇപ്പോഴും കുടുങ്ങി കിടക്കുന്നവർ ദുരിതത്തിലാണ്. കിഴക്കൻ അതിർത്തി തുറന്ന് സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മറ്റുള്ളവരെ തിരികെ എത്തിക്കണമെന്നും വിദ്യാർഥികൾ കേന്ദ്ര മന്ത്രിമാരോട് ആവശ്യപ്പെട്ടു.