കൊല്ലം ജില്ലയിലെ സ്വകാര്യ സ്കൂൾ നിരവധി വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്നാണ് വ്യാപകമാവുന്ന ആരോപണം

വാരാമ്പറ്റ: വയനാട് ജില്ലയിലെ പ്രധാന ഗോത്ര സൗഹൃദ വിദ്യാലയത്തിൽ നിന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ ചുരമിറങ്ങുന്നു. വാരാമ്പറ്റ ഗവണ്‍മെന്‍റ് ഹൈസ്കൂളിൽ നിന്ന് 35 ഗോത്ര വിദ്യാർത്ഥികൾ കൊല്ലം ജില്ലയിലെ സ്വകാര്യ സ്കൂളിലേക്കാണ് മാറുന്നത്. വിദ്യാർത്ഥികളെ സ്കൂളിൽ നിലനിർത്താനായി സർക്കാർ ഇടപെട്ടെങ്കിലും രക്ഷിതാക്കൾ അഭ്യർത്ഥന നിരസിച്ചു.

സർക്കാർ വിദ്യാലയമായ വാരാമ്പറ്റ ഹൈസ്കൂളിൽ നിന്ന് കൊല്ലം ജില്ലയിലെ സ്വകാര്യ സ്കൂളിലേക്ക് മാറാൻ 35 കുട്ടികളുടെ രക്ഷിതാക്കളാണ് ഒന്നിച്ച് ടിസിയ്ക്ക് അപേക്ഷ നൽകിയത്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. കുട്ടികൾക്ക് കൂടുതൽ സൗകര്യം ഒരുക്കി നൽകാമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിക്കുകയും ചെയ്തിരുന്നു.വിദ്യാർത്ഥികളെ സ്കൂളിൽ നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക്‌ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ അധ്യാപകർ കോളനികളിലെത്തി ബോധവത്ക്കരണം നടത്തിയിരുന്നു. എന്നാൽ സ്കൂൾ മാറാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കൊല്ലം ജില്ലയിലെ സ്വകാര്യ സ്കൂൾ നിരവധി വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്നാണ് വ്യാപകമാവുന്ന ആരോപണം.

വാളാരംകുന്ന്, കൊയറ്റുപാറ, വലിയ നരിപ്പാറ എന്നീ കോളനികളിലെ കുട്ടികളാണ് ടിസിയ്ക്ക് അപേക്ഷ നൽകിയത്. 4 മുതൽ 9 വരെ പഠിക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. വാരാമ്പറ്റയ്ക്ക് തൊട്ടടുത്തുള്ള വാളേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ഗോത്ര വിദ്യാർത്ഥികളെയും ഇത്തരത്തില്‍ കൊണ്ടുപോകാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ഇവിടേയും ചിലർ ടിസിയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്രയധികം ഗോത്ര വിദ്യാർത്ഥികൾ വയനാട്ടിലെ സർക്കാർ സ്കൂളിൽ നിന്ന് മാറുന്നത്. 

YouTube video player