മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ആദ്യം കരുതിയത്.എന്നാല്‍ പിന്നീട് സുഹൃത്തുക്കളുടെ മർദനമേറ്റാണ് മരണമെന്ന് സംശയിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.
മലപ്പുറം:മലപ്പുറം അരീക്കോട്ടെ തോമസിന്‍റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെ മൃതദേഹം പരിശോധിക്കാന്‍ പൊലീസ്. നാളെ രാവിലെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും. തിങ്കളാഴ്ച രാവിലെ 11നായിരിക്കും മൃതദേഹം പുറത്തെടുക്കുക. മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു ആദ്യം കരുതിയത്. സുഹൃത്തുക്കളുടെ മർദനമേറ്റാണ് മരണമെന്ന് സംശയിച്ച് ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ അരീക്കോട് പൊലീസിനെ സമീപിച്ചു. ഈ മാസം നാലിനാണ് അരീക്കോട് സ്വദേശി പുളിക്കയില്‍ തോമസ് എന്ന 36കാരന്‍ മരിച്ചത്.
സ്വഭാവിക മരണമെന്ന വിലയിരുത്തലിലാണ് കുടുംബം സംസ്കാര ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍, മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളും തോമസും തമ്മില്‍ അടിപിടിയുണ്ടായിരുന്നുവെന്നും പരിക്കേറ്റ തോമസ് ചികിത്സ തേടിയിരുന്നതായുമാണ് പരാതി. അടിപിടിയെതുടര്‍ന്നുണ്ടായ പരിക്ക് മരണത്തിലേക്ക് നയിച്ചിട്ടുണ്ടാകുമോയെന്ന സംശയം ചിലര്‍ പങ്കുവെച്ചതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അടക്കം ചെയ്ത കല്ലറ തുറന്നായിരിക്കും മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുക.

