2020 ജനുവരിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ 80 കുട്ടികളുടെ സര്‍ക്കാര്‍ നല്‍കിയ യൂണിഫോം വസ്ത്രങ്ങള്‍ തയ്ക്കുന്നതിനായി അന്നത്തെ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫിസാറായിരുന്ന ഉദ്യോഗസ്ഥന്‍ ബോബിയെ ചുമതലപ്പെടുത്തിയത്. ജനമൈത്രി പൊലീസിന്റെ ജനമൈത്രി ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്നായിരുന്നു സ്‌കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

മൂന്നാര്‍: ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ യൂണിഫോം തയ്ച്ച വകയിലെ കൂലിനല്‍കാതെ പൊലീസ് (Kerala Police) ഉദ്യോഗസ്ഥന്‍ പറ്റിച്ചതായി (Cheating) പരാതി. ബൈസണ്‍വാലി, പൊട്ടന്‍ കാട് സ്വദേശിയായ ബോബി ജോര്‍ജാണ് തയ്യല്‍ (Tailor) കൂലിയായ 27500 രുപാ നല്‍കാതെ പറ്റിച്ച എസ്.ഐ.റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. 2020 ജനുവരിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ 80 കുട്ടികളുടെ സര്‍ക്കാര്‍ നല്‍കിയ യൂണിഫോം വസ്ത്രങ്ങള്‍ തയ്ക്കുന്നതിനായി അന്നത്തെ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫിസാറായിരുന്ന ഉദ്യോഗസ്ഥന്‍ ബോബിയെ ചുമതലപ്പെടുത്തിയത്.

ജനമൈത്രി പൊലീസിന്റെ ജനമൈത്രി ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്നായിരുന്നു സ്‌കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം സ്വന്തം പണം മുടക്കി ടാക്‌സി ജീപ്പില്‍ ഇടമലകുടിയിലെത്തി യൂണിഫോം ബോബി വീട്ടിലെത്തിച്ചു. ഇതിനിടയില്‍ കൊവിഡ് ലോക് ഡൗണ്‍ എത്തിയെങ്കിലും പ്രധാനാധ്യാപകന്റെ നിര്‍ബന്ധം മൂലം ടൗണിലെ തയ്യല്‍കടയില്‍ നിന്നും തയ്യല്‍ മെഷീന്‍ വീട്ടിലെത്തിച്ച് രാത്രിയും പകലുമിരുന്ന് തയ്ച്ച് യൂണിഫോം ഒക്ടോബറില്‍ വാഹനം പിടിച്ച് കുടിയിലെത്തിച്ചു നല്‍കി.

ഇതിനു ശേഷം പല തവണ ഈ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് പണിക്കൂലി ആവശ്യപ്പെട്ടു. ആദ്യമൊക്കെ നാളെ തരാം, പിന്നെ തരാം എന്ന് പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറി. പിന്നീട് ഫോണ്‍ വിളിച്ചാല്‍, നിനക്കെന്നാടാ പൊലീസിനെ വിശ്വാസമില്ലെയെന്നുള്‍പ്പെടെയുള്ള തരത്തില്‍ ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത അവസ്ഥയാണെന്നാണ് പരാതി. എസ്.ഐ.യുടെ ആവശ്യപ്രകാരം ഏറ്റവും കുറഞ്ഞ കൂലിയ്ക്കാണ് യൂണിഫോം തയ്ച്ചു നല്‍കിയത്.

ലോക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന കടകള്‍ തുറപ്പിച്ചു കടമായാണ് നൂലും ബട്ടന്‍സും മറ്റും വാങ്ങിയത്.ഈ പണം പോലും മടക്കി നല്‍കാന്‍ കഴിഞ്ഞില്ലെന്ന് ബോബി പറയുന്നു. രാത്രിയും പകലുമിരുന്ന് ചെയ്ത പണിയുടെ കൂലിനല്‍കാതെ പറ്റിച്ച രാജാക്കാട് സ്വദേശിയായ എസ്.ഐ.യെക്കതിര പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബോബി. വര്‍ഷങ്ങളോളം ഇടമലക്കുടിയില്‍ പ്രവര്‍ത്തിച്ച ഈ ഉദ്യോഗസ്ഥനെതിരെ നിരവധി ആരോപണങ്ങളാണ് ഇതിനോടകം ഉയരുന്നത്. സംഭവത്തില്‍ ഉന്നത പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.