Asianet News MalayalamAsianet News Malayalam

ഇടുക്കിയില്‍ റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി  റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക്  പതിച്ചത്.

tamil nadu native youth died in lorry accident at idukki
Author
Idukki, First Published Aug 18, 2022, 7:58 PM IST

തൊടുപുഴ: ഇടുക്കി മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍  ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാമെന്നാണ് സൂചന.  റബ്ബര്‍ പാല്‍ കയറ്റിവന്ന  ലോറിയാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി  റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക്  പതിച്ചത്. തമിഴ് നാട് രജിസ്‌ട്രേഷനിലുള്ള  നാഷ്ണൽ പെർമിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ - ഈരാറ്റ്പേട്ട റൂട്ടിൽ പഞ്ചായത്ത്‌ പടിക്ക് സമീപം കൊടും  വളവിൽ മരുതും കല്ലേൽ വിജയന്റെ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്.  റബർ പാലുമായി ഗുജറാത്തിലേക്ക് പോവുകയായിരുന്നു ലോറി.

താഴ്ച്ചയിലേക്ക് വീണ ലോറിയുടെ മുൻവശം പാറയിൽ ഇടിച്ച് നിന്നതിനെ തുടർന്ന് ക്യാബിൻ പൂർണ്ണമായും തകർന്ന് ഡ്രൈവറും സഹായിയും വാഹനത്തിൽ കുടുങ്ങിയ അവസ്ഥയായിരുന്നു. ഫയർ ഫോഴ്സ്, പൊലീസ്,ഈരാറ്റ്പേട്ടയിൽ നിന്ന് എത്തിയ നന്മകൂട്ടം,പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട ശ്രമത്തെ തുടർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ക്യാബിൻ പൊളിച്ച് നീക്കിയാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്.  

തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി പരിശോധിച്ചു.  റബർ പാൽ നിറച്ച വീപ്പകൾ ലോറിയിലേക്കും പറമ്പിലേക്കും മറിഞ്ഞ് റബർ പാൽ ചുറ്റിലും ഒഴുകി.റബർ പാലിൽ അമോണിയം കലർത്തിയതിനാൽ അതിരൂക്ഷമായ ഗന്ധം ചുറ്റിലും വ്യാപിച്ചിരുന്നത് രക്ഷ പ്രവർത്തനത്തിന് തടസമായി.

Read More: ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയപ്പോള്‍ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കൊച്ചിയില്‍ നാവികൻ അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios