മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയമായിരുന്നു വീടിനുള്ളിലെത്തിയ നായ കുട്ടിയെ ആക്രമിച്ചത്.

ചാരുംമൂട്: താമരക്കുളം ചത്തിയറയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു. ചത്തിയറ തെക്ക് സ്വദേശിയായ അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്. കൈക്ക് പരിക്ക് പറ്റിയ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയമായിരുന്നു വീടിനുള്ളിലെത്തിയ നായ കുട്ടിയെ ആക്രമിച്ചത്. കൈക്ക് കടിയേറ്റതോടെ കുട്ടി നിലവിളിച്ച് കൊണ്ട് ചാടിയെഴുന്നേറ്റു. മാതാവ് ഓടിയെത്തിയപ്പോഴേക്കും നായ വീടിനുളളില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ചാരുംമൂട് മേഖലയിലെ ആദിക്കാട്ടുകുളങ്ങര, വള്ളികുന്നം, താമരക്കുളം ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതോളം പേരെ തെരുവുനായ്ക്കള്‍ കടിച്ചിരുന്നു. 

അതേസമയം, അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ വഴിതേടി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ നിയമ സാധുത തേടും. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് തദ്ദേശമന്ത്രി എംബി രാജേഷ് പറഞ്ഞു. 2001ലെ ചട്ടങ്ങളില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് കൂടുതല്‍ കര്‍ക്കശമാക്കി ചട്ടം പുതുക്കിയത്. ഇതനുസരിച്ച് മാത്രമേ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കൂ. 2017 മുതല്‍ 2021 വരെ എട്ടു ജില്ലകളില്‍ തെരുവുനായ വന്ധ്യംകരണ നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീ പ്രവര്‍ത്തിച്ചു. 79,426 ശസ്ത്രക്രിയ ചെയ്തു. എന്നാല്‍ 2021ല്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് കുടുംബശ്രീയെ വിലക്കി. തെരുവുനായകളുടെ വന്ധ്യംകരണത്തിന് കുടുംബശ്രീക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനും കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. 


കാലം ആവശ്യപ്പെടുന്നത് പ്രതിപക്ഷ ഐക്യം, മുഖം തിരിച്ച് നിൽക്കുന്ന കക്ഷികളുടെ നിലനിൽപ്പ് സംശയം: കാനം രാജേന്ദ്രൻ

YouTube video player