എരുമേലി: തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ ജീർണിച്ച മൃതദേഹം താഴെയിറക്കാൻ 
നാട്ടുകാരൻ 5000 രൂപ ആവശ്യപ്പെട്ടതോടെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി എസ്ഐ. എരുമേലി പൊലീസ് സ്റ്റേഷൻ എസ്എ  ഇ ജി വിദ്യാധരൻ ആണ് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി മൃതദേഹം താഴെയിറക്കിയത്.

എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹം താഴെയിറക്കാൻ സഹായിക്കുന്നതിനുവേണ്ടി പ്രദേശത്ത് കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല.

ഇതിനിടെ മൃതദേഹം താഴെയിറക്കാമെന്നേറ്റ് നാട്ടുകാരിലൊരാൾ എത്തി. എന്നാൽ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാധരൻ മരത്തിന്റെ 15 അടി ഉയരത്തിൽ ചെന്ന് സിഐ എം. ദിലീപ് ഖാൻ ഉൾപ്പടെയുള്ള പൊലീസുകാരുടെയും സഹായത്തോടെ  മൃതദേഹം താഴെയിറക്കിയത്. 

എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് 2 ദിവസം പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷർട്ടുമാണ് വേഷം.