ബിവറേജസില്‍ സൂക്ഷിച്ചിരുന്ന 31 കുപ്പി വിദേശ മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഇവയ്ക്ക് ഏകദേശം 50340 രൂപ വിലവരും. ഔട്ട്ലെറ്റ് മാനേജറുടെ ക്യാബിന് സമീപത്ത് സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്‌ലറ്റ് കുത്തി തുറന്ന് മോഷണം. 50,000 രൂപയുടെ വിദേശ മദ്യം കവർന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ആണ് സംഭവം. ബിവറേജ് ഔട്ട്ലെറ്റിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ബിവറേജ് ഔട്ട്ലെറ്റിന്റെ പൂട്ട് കൂട്ടുകുത്തിത്തുറന്ന് ഗ്രിൽ വളച്ച് അകത്തു കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
ബിവറേജസില്‍ സൂക്ഷിച്ചിരുന്ന 31 കുപ്പി വിദേശ മദ്യമാണ് മോഷണം പോയിരിക്കുന്നത്. ഇവയ്ക്ക് ഏകദേശം 50340 രൂപ വിലവരും. ഔട്ട്ലെറ്റ് മാനേജറുടെ ക്യാബിന് സമീപത്ത് സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മദ്യം മോഷ്ടിച്ചതിന് പുറമേ ഔട്ട്ലെറ്റിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിട്ടുണ്ട്. മാനേജറുടെ ക്യാബിനടുത്തുള്ള ഷെൽഫ് പൊളിക്കാൻ ശ്രമം നടന്നതായും പൊലീസ് കണ്ടെത്തി.
അതേസമയം ബിവറേജസിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ ഇവിടെയുണ്ടായിരുന്ന സുരക്ഷാ ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല എന്നത് ദുരൂഹത ഉയർത്തുന്നു. മോഷണം നടന്നതിനാല്‍ ഇന്ന് ഔട്ട്‌ലറ്റ് പ്രവര്‍ത്തിച്ചില്ല. രാവിലെ തന്നെ മോഷണം നടന്ന വിവരം ബീവറേജസ് ജീവനക്കാർ അറിഞ്ഞിരുന്നുവെങ്കിലും മദ്യക്കുപ്പികൾ മോഷണം പോയിട്ടില്ല എന്ന നിഗമനത്തിലായിരുന്നു. വൈകുന്നേരത്തോടെ സ്റ്റോക്ക് പരിശോധന പൂർത്തിയാക്കിയപ്പോഴാണ് 31 കുപ്പി മദ്യം മോഷണം പോയതായി മനസിലാക്കുന്നത്.
അതേസമയം സമീപത്തെ ലോഡ്ജിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ക്യാമറകൾ പരിശോധിച്ചതിൽ മൂന്ന് അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചുവെന്നും ഇവർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നുമാണ് സൂചന.
Read More : അഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,493 പേര്‍
