ചേർത്തലയിൽ അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ കേസിൽ 74-കാരനായ അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ തങ്കമുത്തുവിനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

ആലപ്പുഴ: ചേർത്തലയിൽ അടച്ചിട്ടിരുന്ന വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അറസ്റ്റ്. തമിഴ്‌നാട് തൂത്തുക്കുടി ഓടൻകുടി സ്വദേശി തങ്കമുത്തുവിനെ (74) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഗാന്ധിനഗറിന് സമീപത്തു നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. ചേർത്തല നഗരസഭ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മ സ്വദേശി കെ ജെ ജോസഫിന്റെ രണ്ട് പവൻ സ്വർണാഭരണങ്ങൾ, 6000 രൂപ, 2000 രൂപയുടെ വിദേശ കറൻസി, മൊബൈൽ ഫോൺ, മിക്സി എന്നിവയാണ് നഷ്ടപ്പെട്ടത്. വേളാങ്കണ്ണി തീർഥാടനത്തിന് പോയിരുന്ന ജോസഫും കുടുംബവും മൂന്നിന് പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.

ആഗസ്ത് ഒന്നിന് രാത്രിയാണ് മോഷണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. മോഷണം നടന്ന വീടിന് സമീപം മുതൽ ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡ് വരെയുള്ള സിസിടിവി കാമറകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ടിന് പുലർച്ചെ തങ്കമുത്തു നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. രാവിലെ നാലരയോടെ ചേർത്തലയിൽ നിന്നുള്ള എറണാകുളം ബസിൽ കയറിയ ഇയാൾ വൈറ്റിലയിൽ ഇറങ്ങിയതായി ബസിലെ കണ്ടക്ടർ തിരിച്ചറിഞ്ഞു. തുടർന്ന് എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

അടഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മോഷണം നടന്ന വീട്ടിലെത്തിച്ച് ശനിയാഴ്ച വൈകുന്നേരം തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ തങ്കമുത്തുവിനെ റിമാൻഡ് ചെയ്തു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ഇരുനൂറിലേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷണക്കേസിൽ ആന്ധ്രാപ്രദേശ് റെനിഗുണ്ടയിൽ ജയിലിലായിരുന്ന തങ്കമുത്തു ജനുവരിയിലാണ് പുറത്തിറങ്ങിയത്. ഇതിനുശേഷം മാർച്ചിൽ കളിയിക്കാവിള സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തി. തമിഴ്‌നാട്ടിലെ മൂന്ന് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാറണ്ടുണ്ട്. ചേർത്തല സ്റ്റേഷൻ ഓഫിസര്‍ ഹേമന്ത്കുമാറിന്റെ നിര്‍ദേശാനുസരണം എസ് ഐ അതുൽരാജിന്റെ നേതൃത്വത്തിൽ ഗ്രേഡ് സിപിഒമാരായ സതീഷ്, ശ്രീക്കുട്ടൻ, സിപിഒമാരായ മനു, സനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.