മലപ്പുറം നന്നംമുക്ക് മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടന്നു. ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവർന്ന മോഷ്ടാക്കൾ, സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും കമ്പ്യൂട്ടർ സിപിയു കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം: നന്നംമുക്ക് മണലിയാര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഓഫീസ് മുറി കുത്തിത്തുറന്ന് പണം കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണവിവരം അറിയുന്നത്. 12,500 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വഴിപാട് കൗണ്ടറും ഓഫിസും ഉള്‍പ്പെടുന്ന കെട്ടിട ത്തിന്റെ പൂട്ടും വാതിലും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പണം തിരിയുന്നതിനിടെ ഓഫീസിലെ സാധന സാമഗ്രികള്‍ വലിച്ചിട്ടിട്ടുമുണ്ട്.
ഓഫീസിലെ സ്‌ട്രോങ് റൂമിന്റെ ഹാന്റില്‍ പൊട്ടിച്ചെങ്കിലും അകത്തുകടക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് സിസിടിവി കാമറകള്‍ നശിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സി.പി.യു മോഷ്‌ടാക്കൾ കൊണ്ടുപോയി. ചങ്ങരംകുളം സി.ഐ ഷൈന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്‌ടാക്കളെ കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. ക്ഷേത്രവും പരിസരവും വ്യക്തമായി അറിയുന്നവരാകാം മോഷണം നടത്തിയതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അനുമാനം.
മോഷണത്തിന് മുമ്പുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ഉടന്‍ തന്നെ മോഷ്ടാക്കളെ കണ്ടുപിടിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോഷണത്തിന് ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും മോഷണം മുന്‍കൂട്ടി ആസൂത്രണം ചെയ്തെന്നുമാണ് പൊലീസിൻ്റെ നിഗമനം. ക്ഷേത്ര പരിസരത്തുള്ളവരേയും ദ്യക്‌സാക്ഷികളേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.


