കാമുകിയുമായുള്ള വിവാഹത്തിന് പണം കണ്ടെത്താനായി ബന്ധുവിന്‍റെ വീട്ടിൽ മോഷണം നടത്തിയ 22-കാരൻ ബെംഗളൂരുവിൽ അറസ്റ്റിലായി. നാല് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിക്കാൻ പണം ആവശ്യമായി വന്നപ്പോഴാണ് ഇയാൾ മോഷണം നടത്തിയത്. 

ബെംഗളൂരു: കാമുകിയുമായുള്ള വിവാഹ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കര്‍ണാടകയിലെ ബെംഗളൂരുവിൽ ശ്രേയസ് (22) എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ നാല് വർഷമായി ഒരു യുവതിയുമായി ശ്രേയസ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് പണം അത്യാവശ്യമാണെന്ന് മനസിലാക്കിയതിനെ തുടർന്ന്, താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയും ബന്ധുവുമായ ഹരീഷിന്‍റെ വീട്ടിൽ മോഷണം നടത്താൻ ഇയാൾ പദ്ധതിയിടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീട്ടിൽ പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാമായിരുന്ന ശ്രേയസ്, സ്വന്തം വിവാഹത്തിനായി അത് മോഷ്ടിക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ 15ന് ഇയാൾ ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം മോഷ്ടിച്ചുവെന്നാണ് കേസ്.

വീട്ടുടമയുടെ പരാതിയെ തുടർന്ന് ബെംഗളൂരുവിലെ ഹെബ്ബഗോഡി പോലീസ് അന്വേഷണം ആരംഭിക്കുകയും ശ്രേയസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളിൽ നിന്ന് 416 ഗ്രാം സ്വർണവും 3.46 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇവയ്ക്ക് മൊത്തം 47 ലക്ഷം രൂപയോളം വിലവരും. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.