വിവാഹത്തോടനുബന്ധിച്ച് രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്. ഒന്ന് വീട്ടുവരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകൾ സമ്മാനിച്ച കവറുകള്‍...

കോഴിക്കോട്: പേരാമ്പ്രയില്‍ കല്ല്യാണ വീട്ടില്‍ വീണ്ടും മോഷണം. ചടങ്ങിനെത്തിയവര്‍ സമ്മാനിച്ച പണമടങ്ങിയ കവര്‍ നിക്ഷേപിച്ച പെട്ടിയാണ് ഇത്തവണയും കവര്‍ച്ച ചെയ്തത്. പേരാമ്പ്ര കടിയങ്ങാട് പാലത്തിനടുത്ത് താമസിക്കുന്ന പിണങ്ങോട്ട് ഹൗസില്‍ ഫൈസലിന്റെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ഫൈസലിന്റെ മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്. ഇന്ന് രാവിലെയോടെ പണം കണക്കുകൂട്ടുന്നതിനായി പെട്ടി പരിശോധിച്ചപ്പോഴാണ് കവറുകള്‍ മോഷ്ടിച്ചതായി മനസ്സിലായത്.

വിവാഹത്തോടനുബന്ധിച്ച് രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്. ഒന്ന് വീട്ടുവരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകൾ സമ്മാനിച്ച കവറുകള്‍ ഇടാനായാണ് മുറിയില്‍ പെട്ടി സ്ഥാപിച്ചത്. ഈ പെട്ടിയിലെ കവറുകളാണ് കവര്‍ച്ച ചെയ്തത്. പെട്ടിയുടെ ഒരു വശം തകര്‍ത്ത നിലയിലാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 18 -ാം തിയതിയും പേരാമ്പ്ര പൈതോത്ത് സമാന രീതിയില്‍ മോഷണം നടന്നിരുന്നു. കോറോത്ത് സദാനന്ദനെ വീട്ടിലാണ് അന്ന് മോഷണം നടന്നത്. സദാനന്ദന്റെ മകളുടെ വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിന്റെ ഓഫീസ് മുറിയില്‍ വച്ച് പൂട്ടിയിരുന്നു. ഈ വാതില്‍ കുത്തിത്തുറന്നാണ് പെട്ടി മോഷ്ടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന വാർത്ത നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനിൽ നിന്ന് ഇരുപതിനായിരം രൂപ അടങ്ങുന്ന ബാഗ് പിടിച്ചു പറിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയിലായി എന്നതാണ്. മര്യാപുരം സ്വദേശി ബിച്ചു എന്നു വിളിക്കുന്ന ബിബിജിത്ത്, കടകംപള്ളി സ്വദേശി ആനന്ദൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയാണ് നെയ്യാറ്റിന്‍കരയിലെ കവര്‍ച്ച. പിന്നാലെ വിഴിഞ്ഞം മുക്കോലയിലെ പമ്പിലെത്തിയ പ്രതികള്‍ ജീവനക്കാരനിൽ നിന്ന് 7500 രൂപയടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചു. തലേ ദിവസം പുലര്‍ച്ച മൂന്നു മണിയോടെപൊഴിയൂര്‍ ഉച്ചക്കട പമ്പിൽ നിന്ന് സമാനമായി രീതിയിൽ 8500 രൂപ കവര്‍ന്നെന്നും പൊലീസ് അറിയിച്ചു. പേട്ടയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തിയാണ് കവര്‍ച്ച നടത്തിയത്. പൊഴിയൂര്‍ പൊലീസാണ് പ്രതികളെ കൊച്ചുവേളിയിൽ നിന്ന് പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവര്‍ക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.