തിരുവനന്തപുരം പാറശാലയിൽ ആളില്ലാതിരുന്ന വീട്ടിൽ കവർച്ച. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ ആളില്ലായിരുന്നു. രാവിലെ കുടുംബം വീട്ടിലെത്തിയപ്പോഴാണ് വാതിലിൻ്റെ പൂട്ട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.
തിരുവനന്തപുരം: പാറശാലയിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട് കുത്തിത്തുറന്നാണ് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. ഇന്നലെ രാവിലെ വീട്ടിൽ എത്തിയപ്പോള്‍ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് കുത്തിത്തുറന്ന നിലയിലായിരുന്നു. വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്. ഉഷാകുമാരി നല്‍കിയ പരാതിയെ തുടര്‍ന്ന് പാറശാല പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാറശാല മേഖലയിൽ മാസങ്ങളായി മോഷണം പതിവാണ്. പൂട്ടിക്കിടക്കുന്ന വീടുകളിലും സ്ഥാപനങ്ങളിലും സ്കൂളുകളിലും വരെ മോഷണം നടക്കുന്നുണ്ട്. പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടയിൽ രണ്ട് കള്ളന്മാരെ കഴിഞ്ഞയാഴ്ച നാട്ടുകാർ പിടികൂടിയിരുന്നു.


