Asianet News MalayalamAsianet News Malayalam

Theft : പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം, കൊടുവള്ളിയിൽ കവർച്ച പതിവാകുന്നു

രണ്ടര പവൻ സ്വർണ്ണ ചെയിൻ തെരഞ്ഞെടുക്കുകയും കയ്യിൽ മുഴുവൻ പണവുമില്ലെന്നും പിന്നീട് വരാമെന്നുമറിയിച്ച് രക്ഷപ്പെടുകയുമായിരുന്നു...

Theft in jewellery in Koduvalli kozhikode
Author
Kozhikode, First Published Dec 3, 2021, 3:00 PM IST

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ച് കടന്നു കളഞ്ഞതായി പരാതി. ബുധനാഴ്ച വൈകീട്ട് അഞ്ചേ കാലോടെ കൊടുവള്ളി ആലികുഞ്ഞി ജ്വല്ലറിയിലാണ് സംഭവം.
പർദ്ദ ധരിച്ചെത്തിയ സ്ത്രീ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ആവശ്യപ്പെട്ടത്. മാല തെരഞ്ഞെടുക്കുന്നതിനിടെ സെയിൽസ്മാന്റെ ശ്രദ്ധ തിരിച്ച് ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ കയ്യിലാക്കി തന്ത്രപൂർവ്വം രക്ഷപ്പെടുകയായിരുന്നുവെന്ന് കടയുടമ അസ്മൽ പറയുന്നു. 

രണ്ടര പവൻ സ്വർണ്ണ ചെയിൻ തെരഞ്ഞെടുക്കുകയും കയ്യിൽ മുഴുവൻ പണവുമില്ലെന്നും പിന്നീട് വരാമെന്നുമറിയിച്ച് രക്ഷപ്പെടുകയുമായിരുന്നു എന്നുമാണ് ഉടമ കൊടുവള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പിന്നീട് കടയിലെ സി.സി ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നത്.

മലപ്പുറം ജില്ലയിലെ ഭാഷാശൈലിയിലാണ് തട്ടിപ്പ് നടത്തിയ സ്ത്രീയുടെ സംസാരമെന്നാണ് മനസിലായതെന്ന് കടയുടമ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാന രീതിയിലുള്ള മോഷണം താഴെ കൊടുവള്ളിയിലെ റൂബി ഗോൾഡിലും നടന്നിരുന്നു. അവിടെ തൊപ്പിയും ടീഷർട്ടുമണിഞ്ഞ് കടയിലെത്തിയ യുവാവ് കടയുടമയെ കബളിപ്പിച്ച് അരപവനോളം തൂക്കം വരുന്ന സ്വർണ്ണ ചെയിനാണ് അപഹരിച്ച് കടന്നു കളഞ്ഞത്. ആഭരണം തെരഞ്ഞെടുത്ത ശേഷം മാതാവിനെയും കൂട്ടി വരാമെന്നറിയിച്ചാണ് അയാൾ രക്ഷപ്പെട്ടത്.

അവിടെയും സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പിന്നീട് കടയുടമ മോഷണ വിവരം അറിയുന്നത്. കൊടുവള്ളി പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടരെയുള്ള കബളിപ്പിക്കൽ മോഷണം കൊടുവള്ളിയിലെ വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കയാണ്.

Follow Us:
Download App:
  • android
  • ios