കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. 

മലപ്പുറം: വടക്കന്‍ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് വളാഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാര്‍ എന്ന കാര്‍ലോസ്(60) ആണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഓണ ദിവസങ്ങളില്‍ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരനാണ് മോഷ്ടാവ്. കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോഓപറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. 

വീട്ടില്‍ സൂക്ഷിച്ചിരുന്ന 80,000 രൂപ മോഷണം പോയിരുന്നു. സിസിടിവിയില്‍ നിന്ന് ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് പൊലീസ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചേര്‍ന്നത്. ഷൊര്‍ണൂരില്‍ നിന്ന് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ ചങ്ങരംകുളം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു. 10 ദിവസം മുമ്പ് ഒറ്റപ്പാലം ജയിലില്‍ നിന്ന് ഇറങ്ങിയാണ് ഇയാൾ ഇവിടങ്ങളിൽ മോഷണം നടത്തിയത്. ഇയാള്‍ക്കെതിരെ മുമ്പ് പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പട്ടാമ്പി ഒറ്റപ്പാലം, ആലത്തൂര്‍ ഹേമാംബിക നഗര്‍, കോഴിക്കോട്, നല്ലളം എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കളവ് കേസുകളുണ്ടായിരുന്നു.

അതേസമയം മലപ്പുറത്ത് ഇന്ന് വാഹനമോഷണക്കേസുകളിൽ പ്രതിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധനയിലാണ് പിടിയിലായത്. സംശയകരമായ സാഹചര്യത്തില്‍ കുറ്റിപ്പുറം ടൗണില്‍ വെച്ചാണ് ഇവരെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ട് തച്ചം പള്ളി ഹസ്സന്‍ (63), പട്ടാമ്പി ഓങ്ങല്ലൂര്‍ കിഴക്കും പറമ്പില്‍ ഉമ്മര്‍ (52), താമരശ്ശേരി ഒറ്റ പാലക്കല്‍ ശമീര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. 

ചോദ്യം ചെയ്യലിനിടെ സംശയം തോന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വാഹന മോഷ്ടാക്കളാണെന്ന് വ്യക്തമായത്. പിടിയിലായവരുടെ പേരിൽ വയനാട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ മോഷണം, അടിപിടി കേസുകളുണ്ട്. ഹസ്സന്‍ കരുവാരക്കുണ്ട് സ്വദേശിയാണെങ്കിലും ഭാര്യയുടെ വീടായ പാങ്ങിലാണ് ഇപ്പോള്‍ താമസം. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശിയായ ഉമ്മര്‍ കുറേക്കാലമായി വളാഞ്ചേരി കാവും പുറത്ത് വാടകവീട്ടിലാണ് കുടുംബവുമൊത്ത് താമസിക്കുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More : മദ്രസകൾ കേന്ദ്രീകരിച്ച് മോഷണം, മോഷ്ടിച്ച തുക അനാഥാലയങ്ങള്‍ക്ക് സംഭാവന നൽകുന്നുവെന്ന് പ്രതി