നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം 4 വർഷം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്...
കൊല്ലം: ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം നാല് വഷംകൊണ്ട് തിരുവാർപ്പ് അജി നടത്തിയത് 100 ലേറെ മോഷണങ്ങളാണ് (Theft). കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായാണ് ഇയാൾ ഇത്രയും മോഷണങ്ങൾ നടത്തിയത്. ഒടുവിൽ കൊല്ലം (Kollam) പ്രത്യേക സംഘമാണ് കോട്ടയം തിരുവാർപ്പ് സ്വദേശിയായ അജയൻ എന്ന തിരുവാർപ്പ് അജിയെ പിടികൂടിയത്. ഇയാൾക്ക് 49 വയസ്സാണ് പ്രായം.
നിരവധി മോഷണക്കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം 4 വർഷം മുമ്പാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. കൊല്ലത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായ മോഷണം പതിവാക്കിയ അജിയെ പിടികൂടാൻ പൊലീസ് ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. 19 വയസ്സ് മുതൽ മോഷണം പതിവാക്കിയ ആളാണ് അജി.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അജിയെ പിടികൂടിയത്. നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇയാൾ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് മോഷണം നടത്തുക, ബുധനാഴ്ച.കൊല്ലത്തെ സ്റ്റേഷൻ പരിധികളിൽ ബുധനാഴ്ച മാത്രം മോഷണം നടന്നതോടെയാണ് അജിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്.
